ഐപിഎൽ കരാറിനു ഭീഷണിയാവുമെന്ന് പേടിച്ച് വിരാട് കോലിക്ക് മുന്നിൽ വായടക്കുന്നു; ഓസീസ് താരങ്ങളെ വിമർശിച്ച് മൈക്കൽ ക്ലാർക്ക്

ഓസ്ട്രേലിയൻ ക്രിക്കറ്റ് മൃദുവായെന്ന വിമർശനവുമായി മുൻ നായകൻ മൈക്കൽ ക്ലാർക്ക്. ഐപിഎൽ കരാറിനു ഭീഷണിയാകുമെന്ന് ഭയന്ന് താരങ്ങൾ വിരാട് കോലിക്ക് മുന്നിൽ വായടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ താരങ്ങളെ സ്ലെഡ്ജ് ചെയ്യാൻ ഓസീസ് താരങ്ങൾക്ക് ഭയമാണെന്നും ബിഗ് സ്പോർട്സ് ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
“ഐപിഎല്ലിൻ്റെ വരവോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും സാമ്പത്തികമായി ഇന്ത്യ എത്ര മാത്രം ശക്തരാണെന്ന് എല്ലാവർക്കും അറിയാം. ഓസ്ട്രേലിയയും മറ്റ് ടീമുകളും ഈയിടെയായി ഇന്ത്യക്കെതിരെ വായടക്കുന്നു എന്ന് എനിക്ക് തോന്നാറുണ്ട്. കോലിയെയോ മറ്റുള്ളവരെയോ സ്ലെഡ്ജ് ചെയ്യാൻ അവർക്ക് പേടിയാണ്. കാരണം ഏപ്രിലിൽ ഇന്ത്യൻ താരങ്ങളുമായി വീണ്ടും കളിക്കേണ്ടതല്ലേ.
വിരാട് കോലിയെയും രോഹിത് ശർമ്മയെയും പോലുള്ള താരങ്ങൾ ഐപിഎൽ ടീമുകളുടെ ക്യാപ്റ്റന്മാർ ആണെന്നും ലേലത്തിൽ ആരെ വേണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു. “കളിക്കാർ ഇങ്ങനെ ചിന്തിക്കും: “ഞാൻ കോലിയെ സ്ലെഡ്ജ് ചെയ്യില്ല. എന്നെ ബാംഗ്ലൂർ ടീമിലേക്ക് തെരഞ്ഞെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് വരുന്ന 6 ആഴ്ച കൊണ്ട് ധാരാളം പണം സമ്പാദിക്കാനാവും.” ഇങ്ങനെയുള്ള ചിന്താഗതി ദശകങ്ങളായുള്ള ഓസീസ് ക്രിക്കറ്റിൻ്റെ അനുകമ്പയില്ലാത്ത സമീപനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണെന്നും ക്ലാർക്ക് കുറ്റപ്പെടുത്തുന്നു.
Story Highlights: Aussie stars ‘sucked up’ to Virat Kohli to protect ipl contract says michael clarke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here