ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസിയുവിൽ

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജോൺസന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സിക്കുന്ന മെഡിക്കൽ സംഘമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
നിലവിൽ സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് അദ്ദേഹം. പത്ത് ദിവസമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന ജോൺസനെ രണ്ടാംഘട്ട കൊവിഡ് പരിശോധനക്കായാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 27നാണ് തനിക്ക് കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടർന്ന് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും.
ജോൺസന്റെ ജീവിതപങ്കാളി ക്യാരി സിമണ്ട്സിനും കൊവിഡ് ബാധിച്ചിരുന്നു. ഗർഭിണിയായ സിമണ്ട്‌സ് സുഖം പ്രാപിക്കുന്നു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ജോൺസന്റെ അടുത്ത ഉപദേഷ്ടാവ് ഡൊമ്‌നിക് കമിംഗ്‌സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷനിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here