കൊവിഡ് 19 വൈറസ് വാക്സിൻ ആഫ്രിക്കയിൽ പരീക്ഷിക്കണമെന്ന ഡോക്ടർമാരുടെ വാദത്തിനെ വിമർശിച്ച് ലോകാരോഗ്യ സംഘടന

കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധ മരുന്നിനുള്ള പരീക്ഷണം ആഫ്രിക്കയിൽ നടത്താമെന്ന ഡോക്ടർമാരുടെ വാദത്തിനെ വിമർശിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ടെഡ്രോസ് അദനോം ഗബ്രെയെസസ് ആണ് ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ആഫ്രിക്ക വാക്സിനുള്ള പരീക്ഷണ കേന്ദ്രമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവർ കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് പുറത്തുകടക്കാനാകാത്തവരാണ്. രണ്ട് ശാസ്ത്രഞ്ജരില്‍ നിന്ന് 21ാം നൂറ്റാണ്ടില്‍ ഇത്തരമൊരു നിര്‍ദേശം ഉയരുന്നത് ലജ്ജിപ്പിക്കുന്നു. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഡോക്ടര്‍മാരായ ജീന്‍ പോള്‍ മിര, കാമിലെ ലോച്ച് എന്നിവരാണ് ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ ഇത്തരത്തിൽ പരാമർശം നടത്തിയത്. യൂറോപ്പിലും ഓസ്ട്രേലിയയിലുമായി നടത്തുന്ന വാക്സിൻ പരീക്ഷണങ്ങളെപ്പറ്റിയുള്ള ചർച്ചയിലായിരുന്നു പരാമർശം. വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണം അവിടെ നടത്താമെന്നും പ്രതിരോധം കുറഞ്ഞ സമൂഹമെന്ന നിലയില്‍ ആഫ്രിക്കന്‍ ജനതയില്‍ പരീക്ഷിച്ചാൽ നന്നായിരിക്കുമെന്നുമായിരുന്നു ഇവരുടെ അഭിപ്രായം.
ഇവർക്കെതിരെ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നു. ഐവറി കോസ്റ്റ് ഫുട്ബോളർ ദിദിയർ ദ്രോഗ്ബ അടക്കമുള്ളവർ ഡോക്ടർമാർക്കെതിരെ രംഗത്തെത്തി. വാക്‌സിന്‍ ഉണ്ടാക്കാനുള്ള പരീക്ഷണ ശാലയല്ല ആഫ്രിയക്കയെന്നും ഇവിടെ ഉള്ളവര്‍ ഗിനിപ്പന്നികളല്ലെന്നുമായിരുന്നു ദ്രോഗ്ബയുടെ പ്രതികരണം. ഇതേത്തുടർന്ന് ഡോക്ടർമാരിൽ ഒരാൾ ഈ ആവശ്യം പിന്‍വലിച്ച് ക്ഷമ പറഞ്ഞിരുന്നു.
ഫ്രാന്‍സിലെ നാഷനല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടറാണ് കമീലെ ലോച്ച്. ജിന്‍ പോള്‍ മിര പാരിസ് കൊച്ചിന്‍ ഹോസ്പിറ്റലിലെ ഡോക്ടറും.
Story Highlights: WHO slams ‘racist’ calls for Africa to be vaccine testing ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here