Advertisement

കാറ്ററിംഗ് സംഘങ്ങളിലെ വിളമ്പുകാര്‍ക്കും പാചക സഹായികള്‍ക്കും ഫോട്ടോ, വിഡിയോ ഗ്രാഫര്‍മാര്‍ക്കും സഹായം ഒരുക്കും: മുഖ്യമന്ത്രി

April 8, 2020
2 minutes Read

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കാറ്ററിംഗ് സംഘങ്ങളിലെ വിളമ്പുകാര്‍ക്കും പാചക സഹായികള്‍ക്കും ഫോട്ടോ, വിഡിയോ ഗ്രാഫര്‍മാര്‍ക്കും സഹായം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്ഥിരം കാറ്ററിംഗ് സംഘങ്ങളില്‍ വിളമ്പുകാരായും പാചക സഹായികളായും തൊഴിലെടുക്കുന്ന തൊഴിലാളികള്‍, ഫോട്ടോ-വീഡിയോ ഗ്രാഫര്‍മാര്‍, തെങ്ങു-പന കയറ്റ തൊഴിലാളികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകളിലെയും മറ്റും ജീവനക്കാര്‍ പ്രയാസങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധി ഉള്ള മേഖലകളില്‍ അതു മുഖേനയാണ് സഹായം ലഭ്യമാക്കുന്നത്. ഒരു ക്ഷേമനിധിയും ബാധകമല്ലാത്ത വിഭാഗങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കാനാണ് ധാരണയായിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Read More: അതിഥി തൊഴിലാളികള്‍ക്ക് ലോക്ക്ഡൗണിന് ശേഷം നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം കലാകാരന്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്ക് ധനസഹായം നല്‍കും. ഇതിന് മൂന്നുകോടി രൂപ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ചെലവഴിക്കും. നിലവില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണിത്. കൊവിഡ് കാലത്ത് ലോക്ക്ഡൗണ്‍മൂലം പ്രയാസത്തിലായ ഇതിനുപുറമെയുള്ള 20,000 ത്തോളം വരുന്ന കലാകാരന്മാര്‍ക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച 2020-21ലെ തുകയുടെ 25 ശതമാനം ഇതിന് മാറ്റിവെക്കും.

പൊതു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികള്‍ കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാണ്. ഇവര്‍ക്ക് ആയിരം രൂപ വീതം നല്‍കും. സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ 8.53 ലക്ഷം രൂപ അനുവദിച്ചു. ആധാരമെഴുത്ത്, കൈപ്പട, വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധിയില്‍നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 3000 രൂപ ധനസഹായം വിതരണം തുടങ്ങി. സംസ്ഥാനത്തെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വൈദ്യുതി ബോര്‍ഡിനു നല്‍കുന്ന പോസ്റ്റുകളുടെ വാടകയില്‍ ചില ഇളവുകള്‍ വരുത്തുന്നതിന് വൈദ്യുതി ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ വാടക പലിശരഹിതമായി അടയ്ക്കാന്‍ ജൂണ്‍ 30 വരെ സാവകാശം നല്‍കാമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top