ഇന്ത്യക്ക് 1.70 ലക്ഷം പിപിഇ കിറ്റുകൾ സംഭാവന ചെയ്ത് ചൈന

ഇന്ത്യക്ക് 170,000 പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ വിതരണം ചെയ്ത് ചൈന. 20000 കിറ്റുകൾ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും സൂചനയുണ്ട്. ഇതോടെ, ആകെ 1.90 ലക്ഷം കിറ്റുകളാണ് ചൈന ഇന്ത്യക്ക് സംഭാവന നൽകുക. 3.87 ലക്ഷം പിപിഇ കിറ്റുകളാണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്.
രാജ്യത്ത് അതിവേഗം പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാൻ മതിയായ പിപിഇ കിറ്റുകൾ ഉണ്ടാവുമോ എന്ന ചോദ്യങ്ങൾക്കിടെയാണ് അയൽരാജ്യത്തിന് കൈത്താങ്ങായി ചൈന എത്തിയത്. ഇതോടൊപ്പം ആഭ്യന്തരമായി നിർമ്മിച്ച 2 ലക്ഷം എൻ95 മാസ്കുകൾ വിവിധ ആശുപത്രികളിലായി വിതരണം ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, കർണാടക, കേരളം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും എത്തിക്കും. പണം ഉപയോഗിച്ച് പിപിഇ കിറ്റുകൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
രാജ്യത്ത് ഇതുവരെ 165 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞത്. 5351 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ ഇന്ന് മാത്രം 51 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഇന്ന് 60 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
Story Highlights: India receives 1.7 lakh PPEs donated by China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here