മെയ് 29 മുതൽ ജൂൺ 28 വരെ; യൂറോപ്യൻ ലീഗുകൾ പുനരാരംഭിക്കാനുള്ള സാധ്യതാ തീയതികൾ പ്രഖ്യാപിച്ച് ലാ ലിഗ പ്രസിഡന്റ്

യൂറോപ്യൻ ലീഗുകൾ പുനരാരംഭിക്കാനുള്ള സാധ്യതാ തീയതികൾ പ്രഖ്യാപിച്ച് ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ തെബാസ്. മെയ് 29 മുതൽ ജൂൺ 28 വരെയുള്ള കാലയളവിനുള്ളിലെ മൂന്ന് തീയതികളാണ് ഇപ്പോൾ പരിഗണിക്കുന്നത്. യൂറോപ്പിലെ മുഴുവൻ സ്ഥിതി നോക്കിയിട്ടേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ എന്നും തെബാസ് പറഞ്ഞു.
“യുവേഫയുമായി നടത്തിയ ചർച്ചയെത്തുടർന്ന് എല്ലാ യൂറോപ്യൻ ലീഗ് മത്സരങ്ങൾ വീണ്ടും തുടങ്ങാൻ സാധ്യതയുള്ള ദിവസങ്ങൾ മെയ് 29, ജൂൺ 6, ജൂൺ 28 എന്നിങ്ങനെയാണ്. അങ്ങനെയെങ്കിൽ മാത്രമേ പരിശീലന സെഷനുകൾക്കും സമയം ലഭിക്കൂ. ലാ ലിഗ റദ്ദാക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. മത്സരങ്ങൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. മിക്കവാറും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തും.”- തെബാസ് പറഞ്ഞു.
ഇറ്റലി കഴിഞ്ഞാൽ കൊവിഡ് 19 വൈറസ് ഏറെ നാശം വിതച്ച രാജ്യമാണ് സ്പെയിൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരികയാണ്. കഴിഞ്ഞ അഞ്ചുദിവസം താഴ്ന്നിരുന്ന സ്പെയിനിലെ മരണനിരക്കില്‍ ചൊവ്വാഴ്ച നേരിയ വര്‍ധനവ് ഉണ്ടായി. 704 മരണങ്ങള് സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 14,045 ആയി.
അതേ സമയം, കൊവിഡ് 19 മഹാമാരി ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 82,080 ആയി. 1,431,706 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 47,894 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 302,105 പേര് രോഗമുക്തരായി.
Story Highlights: La Liga president considering May 29th or June 6th to resume the competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here