രക്തദാനത്തിനു സന്നദ്ധരായ ട്വന്റിഫോര്‍ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍

രക്തദാനത്തിനു സന്നദ്ധരായ ട്വന്റിഫോര്‍ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍. മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ രക്തദാനത്തിനായി മുന്നോട്ട് വരണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപെട്ടു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശുപത്തിയിലെത്തി രക്തദാനം ചെയ്യാന്‍ മടിക്കുന്നുണ്ട്. ഇത് രക്തം നല്‍കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ ദീപക്ക് ധര്‍മടം, ഉണ്ണി തുവൂര്‍, സുബൈര്‍ ഫൈസി, അഖില്‍ എന്നിവരാണ് മെഡിക്കല്‍ കോളജില്‍ വച്ച് രക്തദാനത്തിനു തയാറായത്.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരാം.
മാതൃകയായി 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിലെ മാധ്യമപ്രവര്‍ത്തകര്‍
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം രക്തം നല്‍കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ക്യാമ്പുകള്‍ നിര്‍ത്തിവെച്ചതോടെ ആശുപത്രികളിലെ രക്തബാങ്കുകകളില്‍ രക്തം കുറവാണെന്ന റിപ്പോര്‍ട്ടുകള്‍ നിങ്ങളുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. അര്‍ബുദ രോഗികള്‍, സിസേറിയന്‍, അപകടക്കേസുകള്‍ എന്നിങ്ങനെ ആശുപത്രികളില്‍ ഓരോ ദിവസവും ഏറെ രക്തം ആവശ്യമാണ്.
സംസ്ഥാനത്തെ മിക്കവാറും ആശുപത്രികളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് രക്തദാനത്തിന് ആളുകള്‍ സന്നദ്ധരാകണം എന്ന് അഭ്യര്‍ത്ഥന ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവേ ആശുപത്രിയിലെത്താന്‍ ആളുകള്‍ മടിക്കുന്ന സാഹചര്യത്തില്‍ ആഹ്വാനം അറിഞ്ഞ ഉടനെ തന്നെ കോഴിക്കോട് 24 ന്യൂസിലെ ഇന്ന് ഡ്യൂട്ടിയില്‍ ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തദാനം നടത്തി. ഇതിനു മുന്‍കൈയെടുത്ത 24 ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിനും, മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി, മാതൃ-ശിശു സംരക്ഷണ ആശുപത്രി (IMCH) എന്നിവിടങ്ങളിലാണ് രക്തം നല്‍കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് കൊവിഡ് ജാഗ്രത ആപ്ലിക്കേഷന്‍ മുഖാന്തിരം വാഹന പാസ് ലഭ്യമാകുന്നതാണ്. ഇത് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
ആശുപത്രിയിലെത്തുമ്പോള്‍ കൊറോണ പകരുമോയെന്ന ഭീതിയിലാണ് പലരും രക്തദാനം ഒഴിവാക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡിലാണ് കൊറോണ രോഗികളുള്ളത്. അതിനാല്‍ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും പോയി രക്തം നല്‍കാന്‍ മടി കാണിക്കേണ്ടതില്ല. സുരക്ഷാ മുന്‍കരുതലുകള്‍ എടുത്താല്‍ മതിയാകും. രക്തം നല്‍കുന്നവരില്‍നിന്ന് യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്. ഹോം ഐസോലേഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളവര്‍, വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജലദോഷം, പനി തുടങ്ങിയവ ഉള്ളവരുടെയും രക്തം സ്വീകരിക്കില്ല.
Story Highlights: coronavirus, blood donation,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here