Advertisement

യുഎഇയിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കണം; കെഎംഎംസി ഹൈക്കോടതിയിൽ

April 9, 2020
Google News 1 minute Read

കൊവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വിമാന സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസി കേരള ഹൈക്കോടതിയിൽ. ലേബർ ക്യാമ്പുകളിൽ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടിൽ എത്തിക്കണമെന്നാണ് ആവശ്യം. കേസ് ശനിയാഴ്ച പരിഗണിക്കും.

രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹർജി ഫയൽ ചെയ്തത്. ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയാറാണെന്ന് എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റീൻ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

Read Also: മംഗളൂരുവില്‍ കൊവിഡ് രോഗമുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി

യുഎഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രിക്കും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്ത് നൽകിയിരുന്നു. എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസിന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് വരുത്തിയിട്ടില്ല. സന്ദർശക വിസയിൽ എത്തിയവർ, യാത്രാ നിയന്ത്രണം കാരണം കുട്ടികൾ ഇന്ത്യയിലും മാതാപിതാക്കൾ യുഎഇയിലുമായി കഴിയേണ്ടി വരുന്നവർ, തുടർചികിത്സ ലഭ്യമാക്കാൻ ഇന്ത്യയിൽ എത്തേണ്ടവർ, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തുടരേണ്ടിവരുന്നവർ എന്നിവരെ നാട്ടിൽ എത്തിക്കണമെന്ന് ഹർജിയിൽ അഭ്യർത്ഥിക്കുന്നു.

 

kmmc, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here