മാൽഡീനിയും മകനും രോഗമുക്തരായി

ഇറ്റാലിയൻ ഇതിഹാസ ഫുട്ബോളർ പൗളോ മാൽഡീനിയും മകൻ ഡാനി മാൽഡീനിയും കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. ഏതാനും ആഴ്ചകൾക്കു മുൻപാണ് ഇരുവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് മുൻ എസി മിലാൻ താരമായ പൗളോയും നിലവിലെ എസി മിലാൻ സ്ക്വാഡിൽ ഉള്ള ഡാനിയും ചികിത്സയിലായിരുന്നു.
പൗളോയാണ് അസുഖം മൂലം ഏറെ ബുദ്ധിമുട്ടിയത്. എന്നാൽ, 51കാരനായ അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. എസി മിലാൻ ടെക്നിക്കൽ ഡയറക്ടർ കൂടിയായ അദ്ദേഹം തൻ്റെ ജോലിയിൽ തിരികെ പ്രവേശിച്ചു. എന്നാൽ, ഇറ്റലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
നേരത്തെ അർജൻ്റീനയുടെ യുവൻ്റസ് താരം പൗളോ ഡിബാലയും രോഗമുക്തി നേടിയിരുന്നു. ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ, ആസ്റ്റൺ വില്ല ഗോൾ കീപ്പർ പെപെ റെയ്ന എന്നിവരും രോഗമുക്തരായി.
മിലാനുവേണ്ടി 647 സീരി എ മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ താരമാണ് പൗളോ മാൽഡീനി. 1984 മുതൽ 2009 ഇദ്ദേഹം ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു. പ്രതിരോധനിരയിലെ വിശ്വസ്തഭടനായിരുന്ന മാൽഡീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന നിലയിലാണ് മാൽഡീനി കണക്കാക്കപ്പെടുന്നത്. 18കാരനായ ഡാനിയൽ ഈ സീസണിലാണ് എ.സി മിലാനുവേണ്ടി അരങ്ങേറിയത്.
യുവൻ്റസ് താരങ്ങളായ ഡാനിയൽ റുഗാനി, ബ്ലൈസ് മറ്റിയൂഡി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബെൽജിയം താരം മൗറോൻ ഫില്ലൈനിയും കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ്.
Story Highlights: Paolo and Dani Maldini overcome coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here