പോത്തൻകോട് ആശങ്ക ഒഴിയുന്നു; പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്

തിരുവനന്തപുരം പോത്തൻകോട്ടെ ആശങ്കകൾ എല്ലാം മറികടക്കാൻ സാധിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് നിന്ന് അയച്ച സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ് ആണ്. ജില്ലയിലെ പൊതു സ്ഥിതി ആശ്വാസകരമെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് സംബന്ധിച്ച ദുഷ്പ്രചരണങ്ങളിൽ കർശന നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പോത്തൻകോട് നിന്ന് ആശങ്കയുടെ കാർമേഘം ഒഴിയുന്നുവെന്ന ശുഭപ്രതീക്ഷയാണ് ജില്ലാ ഭരണകൂടം പങ്ക് വയ്ക്കുന്നത്. പോത്തൻകോട് നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച മുഴുവൻ സ്രവ സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ള പോത്തൻകോട് സ്വദേശിയായ യുവാവിൻ്റെ ബന്ധുക്കളുടെ ഫലമടക്കം നെഗറ്റീവാണ്. ഇനി 214 ഫലം കൂടി ലഭിക്കാനുണ്ട്.
തലസ്ഥാന ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും കുറവ് വരുകയാണ്. വീടുകളിലും ആശുപത്രികളിലും കൊറോണ കെയർ സെൻ്ററുകളിലുമായി നിരീക്ഷണത്തിലുള്ളത് 7000 ത്തിനടുത്ത് ആളുകളാണ്. സ്ഥിതി ആശ്വാസകരമെങ്കിലും കർശന ജാഗ്രതയും നിയന്ത്രണങ്ങളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മരിച്ച അബ്ദുൾ അസീസിൻ്റെ രോഗബാധ സംബന്ധിച്ചും, നിരീക്ഷണത്തിൽ കഴിയുന്ന ചുള്ളിമാനൂർ സ്വദേശിനിയുടെ കുടുംബത്തിനെതിരെയും നടത്തുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്ന നാലു പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
അതേ സമയം, എറണാകുളത്ത് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും കൊവിഡ് ചികിത്സയിലായിരുന്ന മുഴുവന്‍ ബ്രിട്ടീഷ് പൗരന്‍മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ഇവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ തുടരും.
Story Highlights: pothencod test results are negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here