ഇന്റർനെറ്റിന് സ്പീഡ് കുറവോ ? ഈ പരിഹാര മാർഗങ്ങൾ പരീക്ഷിച്ച് നോക്കൂ…

കൊറോണ വൈറസ് വ്യാപകമായി പടർന്ന് പിടിച്ചതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 25നാണ്. ഇതിന് പിന്നാലെ മിക്ക കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകി. ലോക്ക് ഡൗൺ സമയത്ത് ഒരു വിഭാഗം വീട്ടിലിരുന്ന കമ്പ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ മറ്റൊരു വിഭാഗം സമയം കളയാൻ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് ആപ്പുകളിൽ ശരണം പ്രാപിച്ചിരിക്കുകയാണ്. എന്നാൽ ഇവർ രണ്ട് പേരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വേഗം കുറഞ്ഞ ഇന്റർനെറ്റ് സേവനം. മിക്ക വീഡിയോ സ്ട്രീമിംഗ് ആപ്പുകളും വീഡിയോ ക്വാളിറ്റി കുറച്ചുവെങ്കിലും ഇപ്പോഴും ഉപഭോക്താക്കൾ ബഫറിംഗ് കാരണം ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഇന്റർനെറ്റിന്റെ സ്പീഡ് കുറവ് പരിഹരിക്കാൻ മാർഗങ്ങളുണ്ട്.
കുറ്റവാളി വിപിഎൻ ആകാം…
സ്ട്രീമിംഗ് സർവീസുകൾക്ക് പ്രശ്‌നം നേരിടുന്നില്ല എന്നാൽ ഇമെയിൽ അടക്കമുള്ള വെബ് പേജുകൾ ലോഡ് ചെയ്യാനാണ് സമയമെടുക്കുന്നതെങ്കിൽ ഇവിടെ കുറ്റവാളി നിങ്ങളുടെ വിപിഎൻ ആയിരിക്കാം.
മിക്ക സ്ഥാപനങ്ങളുടേയും ഔദ്യോഗിക രേഖകളും കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റങ്ങളും മറ്റും ആക്‌സസ് ചെയ്യാൻ ജീവനക്കാർക്ക് ചില തരത്തിലുള്ള വിപിഎൻ ഉപയോഗിക്കേണ്ടി വരും. നിങ്ങളുടെ സിസ്റ്റത്തിന്റെ ഇന്റർനെറ്റ് സ്പീഡ് കുറയുന്നതിന് കാരണമാകാറുണ്ട് വിപിഎൻ. വിപിഎൻ ഓൺ ചെയ്യുമ്പോൾ ഡൗൺലോഡ് സ്പീഡ് 3 എംബിപിഎസിൽ നിൽക്കുമ്പോൾ വിപിഎൻ ഓഫ് ചെയ്തതിന് ശേഷ് വരുന്ന ഡൗൺലോഡ് സ്പീഡ് 40എംബിപിഎസ് ആണ്.
റൂട്ടർ ഓണും ഓഫും ചെയ്ത് നോക്കുക..
ഇന്റർനെറ്റ് സ്പീഡ് കുറവാണെന്ന് തോന്നുമ്പോൾ 30 സെക്കൻഡ് നേരത്തേക്ക് റൂട്ടർ ഓഫ് ചെയ്യുക. പിന്നീട് റീസ്റ്റാർട്ട് ചെയ്യുക. ഇതിന് ശേഷവും പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിൽ സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെടാം.
ലൊക്കേഷൻ…
നിങ്ങളുടെ വൈഫൈ റൂട്ടർ വച്ചിരിക്കുന്ന സ്ഥലം പ്രധാനമാണ്. വൈഫൈ റൂട്ടർ വച്ചിരിക്കുന്ന സ്ഥലത്ത് തന്നെയിരുന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുക.
ഇപ്പോൾ മിക്ക ബ്രോഡ്ബാൻഡുകളും ഡുവൽ ബാൻഡ് ഫ്രീക്വൻസിയുള്ള വൈഫൈ റൂട്ടറുകളാണ് നൽകുന്നത്. 2.4Ghz ന്റെയും 5 Ghz ന്റെയും. സ്പീഡ് കൂടുതൽ രണ്ടാമത് പറഞ്ഞതിനാണ്. പക്ഷേ അടുത്ത് വച്ചാൽ മാത്രമേ ഇതിൽ സുഗഗമായി പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 2.4Ghz ബാൻഡിനാണ് മെച്ചപ്പെട്ട റേഞ്ച് ഉള്ളത്. അതുകൊണ്ട് തന്നെ വൈഫൈയുമായി കണക്ട് ചെയ്യുമ്പോൾ ഏത് ബാൻഡിലാണ് നിങ്ങളെന്ന് ശ്രദ്ധിക്കുക. റൂട്ടർ മറ്റൊരു മുറിയിലാണെങ്കിൽ 5Ghz ബാൻഡ് ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല.
ലാനിലേക്ക് മാറുക…
വീട്ടിൽ ഒരുപാട് പേർ വൈഫൈയെ ആശ്രയിക്കുന്നുണ്ടെങ്കിൽ വയേർഡ് കണക്ഷനിലേക്ക് മാറുന്നതാകും അഭികാമ്യം. ലാപ്‌ടോപ്പിന് എതർനെറ്റ് പോർട്ട് ഉണ്ടെങ്കിൽ ഒരു കേബിൾ കൂടി സംഘടിപ്പിച്ച് ഇന്റർനെറ്റ് കണക്ട് ചെയ്യുന്നതാകും നല്ലത്.
ഡേറ്റ തീർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തുക…
നിങ്ങളുടെ റീചാർജ് തുകയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. ചില സമയങ്ങളിൽ വാലിഡിറ്റി തീർന്നതറിയാതെയാകും ഇന്റർനെറ്റ് കണക്ട് ചെയ്യാൻ നാം ശ്രമിക്കുന്നത്. മിക്ക ടെലികോം കമ്പനികളും കാലാവധി കഴിഞ്ഞാലും കുറഞ്ഞ സ്പീഡിന്റെ അൺലിമിറ്റഡ് ഡേറ്റ തരുന്നതിനാൽ പ്ലാൻ കാലാവധി കഴിഞ്ഞ വിവരം നാം മറക്കാൻ സാധ്യതയുണ്ട്.
Story Highlights- Internet,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here