‘ജീവിതത്തിൽ ആദ്യമായി സച്ചിൻ നൃത്തം ചെയ്യുന്നത് അന്ന് ഞാൻ കണ്ടു’; ലോകകപ്പ് ഓർമ്മകൾ പങ്കുവച്ച് ഹർഭജൻ സിംഗ്

2011 ക്രിക്കറ്റ് ലോകകപ്പ് ഓർമകൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിംഗും ആശിഷ് നെഹ്റയും. ലോകകപ്പ് നേടിയതിനു ശേഷം ഡ്രസിംഗ് റൂമിലെ ആഘോഷങ്ങളെപ്പറ്റിയാണ് ഇരുവരും മനസ്സു തുറന്നത്. ഇതിനിടെ സച്ചിൻ കരഞ്ഞ സംഭവം ഹർഭജൻ സിംഗ് പങ്കുവച്ചു. സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്ത ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിലാണ് ഇരുവരും മനസ്സു തുറന്നത്.

‘അന്നാണ് ഞാന്‍ ജീവിതത്തിലാദ്യമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ നൃത്തം ചെയ്യുന്നത് കാണുന്നത്. ഒപ്പം അഞ്ജലി ഭാഭിയും ഉണ്ടായിരുന്നു. ചുറ്റുമുള്ളതിനെക്കുറിച്ചൊന്നും ആലോചിക്കാതെ സച്ചിന്‍ എല്ലാവര്‍ക്കുമൊപ്പം ആഘോഷിക്കുകയായിരുന്നു. ആ രാത്രി ഞാൻ എന്റെ മെഡലും കെട്ടിപ്പിടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. ഉണർന്നപ്പോഴും മെഡല്‍ ഞാന്‍ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. വല്ലാത്തൊരു വികാരമായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി അന്നാണ് ഞാൻ പരസ്യമായി പൊട്ടിക്കരയുന്നത്. കാരണം, ലോകകപ്പ് നേടുക എന്നത് എല്ലാവരുടെയും സ്വപ്നമായിരുന്നു. അത് യാഥാര്‍ഥ്യമാവാന്‍ പോവുന്നു എന്ന് അറിഞ്ഞപ്പോള്‍ ശരിക്കും രോമാഞ്ചമുണ്ടായി. ലോകകപ്പ് കൈയിലെടുത്ത് ഉയര്‍ത്തിയപ്പോള്‍ തോന്നിയ വികാരം വിവരിക്കാനാവില്ല. ഞാന്‍ ശരിക്കും കരയുകയായിരുന്നു. എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു’.- ഹർഭജൻ പ്രതികരിച്ചു.

28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ 2011 ലോകകപ്പിൽ കിരീടം നേടിയത്. ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. വാംഖഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. ജയവർധനെ സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി കളി ജയിച്ചു. ഗൗതം ഗംഭീർ (97), എം എസ് ധോണി (91) എന്നിവരാണ് ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ചത്.

Story Highlights: harbhajan sing memories of world cup 2011

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top