Advertisement

മുപ്പതുകള്‍ക്ക് ശേഷമുള്ള വലിയ മാന്ദ്യത്തിലേക്ക് ലോകം: ഐഎംഎഫ്

April 10, 2020
Google News 1 minute Read

1930 കളിലെ മഹാ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). കൊവിഡ് 19 വ്യാപനം കാരണം 170 ല്‍ അധികം രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു. അതേസമയം ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയിലാകുമെന്ന് കേന്ദ്രസര്‍ക്കാരിന് വിദഗ്ധസമിതി മുന്നറിയിപ്പ് നല്‍കി.

2021ല്‍ പോലും മാന്ദ്യത്തില്‍ നിന്ന് പൂര്‍ണമായി കരകയറാനാകില്ലെന്ന് അന്താരാഷ്ട്ര നാണയനിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കി. സാമ്പത്തിക, സാമൂഹ്യ ഘടന കൊവിഡ് മൂലം തകിടം മറിയുകയാണ്. നമ്മുടെ ജീവിതകാലത്ത് കാണാത്തത്ര വേഗത്തിലും വ്യാപ്തിയിലുമാണ് ഇത് സംഭവിക്കുന്നത്. മൂന്ന് മാസം മുമ്പ് 160 രാജ്യങ്ങളില്‍ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കിയതെന്നും അവര്‍ പറഞ്ഞു.

ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര, ദരിദ്ര രാജ്യങ്ങളെയാവും മാന്ദ്യം ഏറ്റവുമധികം ബാധിക്കുക. കഴിഞ്ഞ രണ്ട് മാസത്തില്‍ 10,000 കോടി ഡോളറാണ് വളര്‍ന്നുവരുന്ന രാജ്യങ്ങളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വികസ്വര രാജ്യങ്ങള്‍ക്ക് കൊവിഡ് മൂലമുള്ള നഷ്ടം സ്വന്തം നിലയ്ക്ക് നികത്താന്‍ കഴിയില്ല. അവര്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടിവരും. എന്നാല്‍, മഹാമാരിയെ നേരിടാന്‍ എല്ലാ സര്‍ക്കാരുകളും നല്ല രീതിയില്‍ രംഗത്ത് വന്നത് പ്രത്യാശ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലും സാമ്പത്തിക പ്രതിസന്ധി ഗുരുതരമാകുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ഒരു മാസം കൂടി തുടരാനാണ് തീരുമാനമെങ്കില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവിലെത്തുമെന്ന് കേന്ദ്രസര്‍ക്കാരിന് വിദഗ്ധസമിതി മുന്നറിയിപ്പ് നല്‍കി. വളര്‍ച്ച കുത്തനെ കുറയും. അങ്ങനെയെങ്കില്‍ രാജ്യത്തെ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിയുമെന്നും, പട്ടിണി വ്യാപിക്കുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights: coronavirus, IMF,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here