സഞ്ജീവനി പദ്ധതിക്ക് തുടക്കം; മലപ്പുറത്ത് ഇനി മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകും

ലോക്ക് ഡൗൺ നിലനിൽക്കേ ആവശ്യ മരുന്നുകൾ ലഭിക്കാൻ മലപ്പുറത്തുകാർക്ക് ഇനി ബുദ്ധിമുട്ടില്ല. വീട്ടിൽ മരുന്ന് എത്തിച്ചു നൽകുന്ന ‘സഞ്ജീവനി’ പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. കളക്ടർ ജാഫർ മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. രോഗികളുടേയും വീട്ടിലുള്ളവരുടേയും പൊതു സമ്പർക്കം ഇല്ലാതാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.

കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ‘സഞ്ജീവനി’ കൺട്രോൾ റൂമിലേക്ക് വേണ്ട മരുന്നുകൾ വിളിച്ച് അറിയിക്കുക. മരുന്നുകൾ ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുന്നതാണ്. ഒരു ഫാർമസിസ്റ്റ്, ഡ്രഗ് ഇൻസ്പെക്ടർ ഓഫീസ് ജീവനക്കാരൻ, റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ കൺട്രോൾ റൂമിലുണ്ടാകും. ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫീസ്, ആരോഗ്യ വിഭാഗം, പൊലീസ്, ഫയർ ഫോഴ്സ്, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ ഉൾപ്പെടുന്ന സംവിധാനമാണ് ഇതിനായി പ്രവർത്തിക്കുന്നത്. പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജുവിന്റെ നേതൃത്വത്തിലാണ് സംവിധാനം. ജില്ലയിൽ ലഭ്യമായ മരുന്നുകൾ പാലിയേറ്റീവ് വളണ്ടിയർമാർ ശേഖരിച്ച് വീടുകളിൽ എത്തിച്ചുനൽകും. ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിക്കുന്ന മരുന്നുകൾ പൊലീസിന്റേയും ഫയർഫോഴ്സിന്റേയും സഹായത്തോടെ രോഗികളുടെ വീട്ടിലെത്തിക്കും.

എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറ് വരെ ‘സഞ്ജീവനി’ കൺട്രോൾ റൂം പ്രവർത്തിക്കും. മരുന്നുകൾ ആവശ്യമുള്ളവർക്ക് 6282 10 2727, 0483 2739571 എന്നീ നമ്പറുകളിൽ വിളിച്ച് വിവരങ്ങൾ നൽകാം, അല്ലെങ്കിൽ ഡോക്ടർമാർ നൽകിയ കുറിപ്പടി ഫോട്ടോ എടുത്ത് വാട്സാപിൽ സന്ദേശം അയക്കുകയോ ചെയ്യാം.

Story highlights-malappuram, sanjeevani, medicine will deliver at home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top