വരുമാനം നാലിലൊന്നായി കുറഞ്ഞു; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി

സംസ്ഥാനം അതി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. വരുമാനം നാലിലൊന്നായി കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് ട്വൻറി ഫോറിൻ്റെ എൻകൗണ്ടറിൽ പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് കേരളത്തിൻ്റെ പ്രതിദിന വരുമാന നഷ്ടം 300 കോടിയോളം രൂപയാണ്. ലോക്ക് ഡൗൺ നീണ്ടാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ തുടങ്ങിയവക്ക് മാത്രം കേരളത്തിന് പ്രതിമാസം വേണ്ടത് 7050 കോടി രൂപയാണ്. വികസന പ്രവർത്തനങ്ങൾ കൂടി കണക്കിലെടുമ്പോൾ പ്രതിമാസ ചെലവ് ഏകദേശം 12,000 കോടി രൂപ വരും. എന്നാൽ വരുമാനമാർഗങ്ങളെല്ലാം നിലച്ചു. ജിഎസ്ടി പ്രകാരം കിട്ടേണ്ട പണം രണ്ട് മാസമായി കേന്ദ്രം നൽകുന്നില്ല. റവന്യൂ കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ ശിപാർശ ചെയ്ത 15,323 കോടിയിൽ കേന്ദ്രം നൽകിയത് 1277 കോടി മാത്രമാണ്. എക്സൈസ് നികുതി വരുമാനം ഇല്ലാതായി. ടൂറിസം മേഖല തകർന്നു. നികുതിയേതര വരുമാനത്തിൽ പ്രധാനമായിരുന്ന ഭാഗ്യക്കുറിക്കും നിർഭാഗ്യമായി. സംസ്ഥാനത്തിൻ്റെ വരുമാനം നാലിലൊന്നായി കുറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു.
പ്രതിസന്ധി മറികടക്കാൻ വായ്പയെടുക്കലാണ് സംസ്ഥാന സർക്കാരിനുള്ള മുന്നിലുള്ള വഴി. മഹാമാരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബോണ്ടിറക്കാൻ കേന്ദ്രത്തിൻ്റെ അനുമതി വേണം. വായ്പാ പരിധി 3 ൽ നിന്ന് 5 ശതമാനമായി ഉയർത്തണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: state in financial crisis thomas isaac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here