പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വലിയ കുറവ് വന്നേക്കാം; രഘുറാം രാജൻ

കൊവിഡ് ലോകത്തിന് മുഴുവൻ നാശം വിതക്കുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് വൈറസ് രോഗ ബാധ കാരണം കൂടുതൽ ആളുകൾ മരിച്ചത്. ഈ സാഹചര്യത്തിൽ പാശ്ചാത്യരാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളിൽ വളർച്ചയ്ക്ക് ഇടിവ് സംഭവിക്കുമെന്ന് മുൻ ആർബിഐ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. കുറഞ്ഞത് ആറ് ശതമാനം എങ്കിലും മാന്ദ്യം ഉണ്ടായേക്കും. രണ്ട് ലക്ഷം കോടി ഡോളറിൽ കൂടുതൽ നഷ്ടം ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. വ്യാപാര സ്ഥാപനങ്ങളടക്കം കൊവിഡിനെ നേരിടാൻ വേണ്ടി അടച്ചിടുന്നത് വലിയ സാമ്പത്തിക ആഘാതമായിരിക്കും സൃഷ്ടിക്കുന്നത്.
ഇന്ത്യയ്ക്ക് ജനസംഖ്യ വളരെ കൂടുതലായതിനാൽ അതിന്റെതായ പരിമിതികളുണ്ടെന്നും ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു വിപണിയിൽ ‘സാമൂഹിക അകലം പാലിക്കൽ’ ദുഷ്‌കരമാണെന്നും അതിനാൽ ലോക്ക് ഡൗണിലൂടെ രോഗ വ്യാപനം കുറയ്ക്കാനാണ് സർക്കാർ ശ്രമമെന്നും രഘുറാം രാജൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അവസ്ഥയുടെ ഗൗരവം ജനങ്ങളിലെത്തിച്ചില്ലെങ്കിൽ മഹാമാരിയെ ചെറുക്കാൻ കഴിഞ്ഞെന്ന് വരില്ല. നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അത്തരം ഒരു സാഹചര്യം കൈകാര്യം ചെയ്യാൻ ശേഷി രാജ്യത്തിന് ഇല്ലെന്നും മുൻ ആർബിഐ ഗവർണർ. രോഗ വ്യാപനത്തെ വളരെ മികച്ച രീതിയിൽ തടഞ്ഞ ദക്ഷിണ കൊറിയയെയും സിംഗപ്പൂരിനെ അഭിനന്ദിക്കാനും രഘുറാം രാജൻ മറന്നില്ല.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയനിധിയും വരാനിരിക്കുന്ന മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. 1930കൾക്ക് ശേഷം വരാൻ പോകുന്ന ഏറ്റവും വലിയ മാന്ദ്യത്തെയാണ് അഭിമുഖീകരിക്കാൻ പോകുന്നതെന്നും അത് മറികടക്കാൻ 2021ൽ പോലും സാധിക്കാതെ വരുമെന്നുമാണ് ഐഎംഎഫ് പറഞ്ഞത്. പിന്നാലെയാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ രഘുറാം രാജന്റെ പ്രതികരണം. രാജ്യാന്തരതലത്തിൽ അഞ്ചിൽ നാല് തൊഴിൽ അവസരങ്ങളിലും വൈറസ് ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights- raghuram rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here