മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് നിലമ്പൂർ സ്വദേശിക്കും കോട്ടക്കല്‍ സ്വദേശിക്കും

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ 30കാരനും കോട്ടയ്ക്കൽ കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17 ആയി.
മാർച്ച് ഏഴിനും എട്ടിനും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത നിലമ്പൂർ ചുങ്കത്തറ സ്വദേശി മാർച്ച് 12നാണ് നാട്ടിലെത്തിയത്. എയർപോർട്ടിൽ നിന്ന് അങ്കമാലിയിലേക്ക് സ്വകാര്യ വാഹനത്തിലും പെരിന്തൽമണ്ണയിലേക്ക് കെഎസ്ആർടിസി ബസിലും സഞ്ചരിച്ചു. പെരിന്തൽമണ്ണ തബ്ലീഗ് പള്ളിയിൽ താമസിച്ച ശേഷം 13ന് വള്ളുവമ്പ്രം 15ന് വെള്ളൂർ, 19ന് ആലത്തൂർപ്പടി എന്നിവിടങ്ങളിൽ തബ്ലീഗ് പള്ളികളിൽ സംഘമായി താമസിക്കുകയും നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. മാർച്ച് 24 മുതൽ മൂന്ന് ദിവസം നിലമ്പൂർ ചുങ്കത്തറയിലെ തബ്ലീഗ് പള്ളിയിൽ താമസിച്ചു. 27ന് അടുത്തുള്ള ക്വാർട്ടേഴ്സിലേക്കും 31ന് രാവിലെ ചുങ്കത്തറയിലെ സ്വന്തം വീട്ടിൽ നിരീക്ഷണത്തിലേക്കും മാറി.
കോട്ടക്കൽ കോഴിച്ചെനക്കടുത്ത് തെന്നല വാളക്കുളം സ്വദേശിയായ 48 കാരനാണ് രോഗം സ്ഥിരീകരിച്ചു മറ്റൊരാൾ. മാർച്ച് ഏഴ് മുതൽ പത്ത് വരെ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത ഇയാൾ 11 ന് കരിപ്പൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. മാർച്ച് 13ന് പെരിന്തൽമണ്ണയിലെ തബ്ലീഗ് പള്ളിയിൽ ജുമുഅ നമസ്‌കാരത്തിലും വൈകുന്നേരം പാലച്ചിറമാട് മദ്രസയിലും പിറ്റേ ദിവസം കോഴിച്ചെനയിലും വച്ച് നടന്ന ലഹരി വിരുദ്ധ പരിപാടികളിലും പങ്കെടുത്തു. 19ന് കോട്ടക്കലിലുള്ള സ്വന്തം സ്ഥാപനത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. 19നും 20നും നൂറുകണക്കിന് ആളുകളോടൊപ്പം കോട്ടക്കൽ പള്ളിയിൽ നമസ്‌ക്കാരങ്ങളിൽ പങ്കെടുത്തു. 21 മുതൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇരുവരുമായി അടുത്ത് ഇടപഴകിയവരുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണ് ജില്ലാ ഭരണകൂടം.
Story highlights-malappuram, covid confirmed for kottakkal and nilambur natives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here