തിരുവല്ലയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ആൾ മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് പരിശോധനാ ഫലം

പത്തനംതിട്ട തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് സ്ഥിരീകരണം. അതേ സമയം കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ സാമ്പിൾ പരിശോധനക്കയച്ചിരിക്കുകയാണ്. ഇത് ലഭിച്ച ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുകയുള്ളൂ

തിരുവല്ല നെടുമ്പ്രം സ്വദേശിയായ വിജയകുമാറാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മരിച്ചത്. മാർച്ച് 23 ന് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇവിടെ വെച്ച് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ലഭിച്ച ഇയാളുടെ സാമ്പിൾ പരിശോധനാ ഫലത്തിൽ കൊവിഡല്ലെന്നും സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം വെണ്ണിക്കുളത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ രക്ത സ്രവ സാമ്പിളുകളും പരിശോധനക്കയച്ചു. പശ്ചിമ ബംഗാൾ സ്വദേശി ധൻ വീർ മാർഗാണ് താമസ സ്ഥലത്ത് മരിച്ചത് . മരണ കാരണം എന്തെന്ന് വ്യക്തമല്ല. സ്രവ പരിശോധനാ ഫലം ലഭ്യമാകാത്തതിനാൽ പോസ്റ്റ് നടപടികൾക്കായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story highlights-man in observation died was not affected with corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top