ആശ്വാസം; എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 242 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2709 ആയി. ഇതില്‍ 2605 പേര് ഹൈ റിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 104 പേര് ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് ജില്ലയില്‍ നാല് പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേര് കളമശേരി മെഡിക്കല്‍ കോളജിലും, രണ്ട് പേര് സ്വകാര്യ ആശുപത്രിയിലുമാണ്. നിലവില്‍ 24 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 14 പേര് കളമശേരി മെഡിക്കല്‍ കോളജിലും, ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, നാല് പേര് ആലുവ ജില്ലാ ആശുപത്രിയിലും, രണ്ട് പേര് കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, മൂന്ന് പേര് സ്വകാര്യ ആശുപത്രിയിലും ആണുള്ളത്.
ഇന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ ഏഴ് പേരാണ് കൊവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് ജില്ലയില്‍ നിന്നും 36 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 30 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 114 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
Story Highlights: coronavirus, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here