സ്പ്രിംഗ്ളർ പിആർ കമ്പനിയല്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്പ്രിംഗ്ളർ കമ്പനിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി. അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളർ പിആർ കമ്പനിയല്ലെന്നും നമ്മൾ ആ കമ്പനിയുടെ സോഫ്റ്റ് വെയറിനോ സേവനത്തിനോ ഒരു പൈസയും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാട് വലിയൊരു പ്രതിസന്ധി നേരിടുന്നു. അതിനെ മുറിച്ചുകടക്കാനും വരാനിരിക്കുന്ന ഭീഷണികൾ നേരിടാനും എന്തു ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് നമ്മൾ. അക്കാര്യത്തിൽ പ്രവാസി മലയാളികൾ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെയൊരു സഹായം കൂടിയാണ് ഇപ്പോൾ സ്പ്രിങ്ക്‌ളർ എന്ന കമ്പനി ഇപ്പോൾ ചെയ്യുന്നത്. മലയാളിയാണ് അതിന്റെ സ്ഥാപകൻ. തന്റെ വയോധികരായ മാതാപിതാക്കളുടെ സുരക്ഷയ്ക്ക് കേരളം നടത്തുന്ന കൊവിഡ് നിയന്ത്രണ പരിപാടികൾ എത്രമാത്രം ഫലപ്രദമാണ് എന്ന് നേരിട്ടുള്ള ബോധ്യം കൂടിയാണ് അദ്ദേഹത്തെ ഈ സഹായം നൽകുന്നതിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, കേരള സർക്കാരിന്റെ ഐടി ഡിപ്പാർട്ട്‌മെന്റിന്റെ ഒരു സോഫ്റ്റ് വെയർ സേവനദാതാവു കൂടിയാണ് ഈ കമ്പനി. ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കുകയും അത് സർക്കാർ നിയന്ത്രിക്കുകയുമാണ് ചെയ്യുക.

ഡാറ്റ ചോരുന്നു എന്നാണെല്ലോ പ്രതിപക്ഷം പറയുന്നതെന്നും ഇതേ സ്പ്രിങ്ക്‌ളർ എന്ന കമ്പനിയുടെ സേവനം ലോക ആരോഗ്യ സംഘടനയും ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല, ഇതൊന്നും ഇത്തരത്തിൽ ഒരു വിഷയമായി എടുക്കേണ്ട കാര്യമായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story highlight: Sprinkler is not a PR company, Chief Minister, dismisses opposition leader’s allegation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top