ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; വിദേശികളെ കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പൊലീസ്

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളെ പൊലീസ് പിടിച്ച് ഉപദേശിക്കുകയും തിരിച്ചയക്കുകയും വണ്ടി പിടിച്ച് വയ്ക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ഇംപോസിഷൻ എഴുതിച്ചാലോ? അതും വിദേശികളെ.. ഉത്തരാഖണ്ഡിലാണ് സംഭവം. ഋഷികേശിലെ തപോവൻ മേഖലയിൽ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് വിദേശികളെയാണ് ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസ് പിടിച്ചത്. ഇസ്രയേൽ, ഓസ്ട്രേലിയ, മെക്സിക്കോ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്ന് പൊലീസ്.

ഇവരെക്കൊണ്ട് 500 പ്രാവശ്യം ‘എന്നോട് ക്ഷമിക്കണം, ഞാൻ ലോക്ക്ഡൗണിലെ നിയമങ്ങൾ പാലിച്ചില്ല’ എന്നും പൊലീസുകാർ എഴുതിപ്പിക്കുകയുണ്ടായി. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പുറത്തിറങ്ങാമെന്ന് തങ്ങൾ കരുതി എന്നാണ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നത് എന്തിന് പൊലീസിന്റെ ചോദ്യത്തിന് ഇവർ നൽകിയ മറുപടി. എന്നാൽ ഇത്തരം ഇളവ് നൽകുന്നത് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവർക്കാണെന്ന് പൊലീസ് വിദേശികളോട് വ്യക്തമാക്കി. പുറത്തിറങ്ങിയതിന് അഞ്ഞൂറ് തവണ ക്ഷമാപണവും എഴുതി വാങ്ങിച്ചു.

ഇത്തവണ ചെറിയ ശിക്ഷയാണ് നൽകിയത്. ഇനി ലോക്ക്ഡൗൺ ലംഘിക്കുകയാണെങ്കിൽ കരിമ്പട്ടികയിൽ പെടുത്തി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്ന് മുന്നറിയിപ്പ് നൽകിയതായി തപോവൻ പൊലീസ് ചെക്ക് പോസ്റ്റ് ചുമതലയുളള ഉദ്യോഗസ്ഥൻ വിനോദ് കുമാർ ശർമ മാധ്യമങ്ങളോട് പറഞ്ഞു.

പ്രദേശത്ത് ഏതാനും വിദേശികൾ ഉണ്ടെന്നും ഇവർ ലോക്ക്ഡൗൺ നിയമങ്ങൾ കാറ്റിൽ പറത്തി പുറത്ത് കറങ്ങി നടക്കുന്നുണ്ടെന്നുമെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പിന്നീട് നടത്തിയ പരിശോധനയിലാണ് പുറംരാജ്യക്കാരെ പിടികൂടിയത്. 500ഓളം വിദേശികൾ തപോവൻ മേഖലയിൽ താമസിക്കുന്നുണ്ടെന്നും ഇവരിൽ പലരും ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടെന്നും പൊലീസ്. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന സന്ദേശം നൽകുന്നതിന് വേണ്ടിയാണ് ഇവർക്ക് ശിക്ഷ നൽകിയത് എന്നും വിനോദ് കുമാർ ശർമ പറഞ്ഞു.

 

foreigners, lock down, uttharakhand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top