ബംഗ്ലാദേശിൽ മുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി
ബംഗ്ലാദേശിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി.1975ൽ ബംഗ്ലാദേശിൽ നടന്ന പട്ടാള അട്ടിമറിയിലും രാഷ്ട്ര സ്ഥാപകൻ ഷെയ്ഖ് മുജീബ് റഹ്മാൻ വധക്കേസിലും പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ അബ്ദുൽ മജീദിനെയാണ് തൂക്കിലേറ്റിയത്. 45 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശിൽ വധശിക്ഷ നടപ്പിലാക്കുന്നത്.
കെരാനിഗഞ്ചിലെ ധാക്ക സെൻട്രൽ ജയിലിൽ പ്രാദേശിക സമയം 12.01നാണ് മജീദിനെ തൂക്കിലേറ്റിയത്. 12.15ന് ജയിൽ ഡോക്ടർ മരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കിയ വിവരം നിയമ മന്ത്രി അനീസുൽ ഹഖ് ആണ് മാധ്യമങ്ങളെ അറിയിച്ചത്.
25 വർഷം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൽ മജീദ് കഴിഞ്ഞ മാസമാണ് ധാക്കയിൽ മടങ്ങിയെത്തിയത്. ചൊവ്വാഴ്ച മിർപൂർ പ്രദേശത്തെ തീർഥാടക കേന്ദ്രത്തിന് സമീപത്ത് നിന്ന് സ്പെഷൽ പൊലീസ് സംഘമാണ് മജീദിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here