ജീവിതം നിശ്ചലമാകുമ്പോൾ കായിക മത്സരങ്ങൾക്ക് എന്ത് സ്ഥാനം?; ഐപിഎല്ലിന്റെ ഭാവിയെപ്പറ്റി സൂചന നൽകി സൗരവ് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 എഡിഷൻ്റെ ഭാവിയെപ്പറ്റി നിർണായക സൂചന നൽകി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ജനജീവിതം നിശ്ചലമാകുമ്പോൾ കായിക മത്സരങ്ങൾക്ക് എന്ത് സ്ഥാനമെന്നായിരുന്നു മുൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ഗാംഗുലിയുടെ ചോദ്യം. തിങ്കളാഴ്‌ച നടക്കുന്ന ബിസിസിഐ യോഗത്തിന്‌ ശേഷം ഐപിഎല്ലിന്റെ ഭാവിയെപ്പറ്റി വ്യക്തമാക്കാമെന്നും ഗാംഗുലി പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി മനസ്സു തുറന്നത്.

“കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്‌. ഇപ്പോള്‍ നമുക്ക്‌ ഒന്നും പറയാനാവില്ല. അല്ലെങ്കിലും, എന്തെങ്കിലും പ്രത്യേകിച്ച്‌ പറയേണ്ട കാര്യമെന്താണ്‌? വിമാനത്താവളങ്ങള്‍ അടച്ചു. ആളുകള്‍ വീടുകളില്‍ കുടുങ്ങിയിരിക്കുന്നു. ഓഫീസുകള്‍ പൂട്ടിക്കിടക്കുകയാണ്. ആര്‍ക്കും എങ്ങും പോകാൻ കഴിയുന്നില്ല. മെയ്‌ പകുതി വരെ കാര്യങ്ങള്‍ ഇങ്ങനെ തന്നെയാവുമെന്നാണ്‌ തോന്നുന്നത്‌. ഈ സമയത്ത് ഒരു കായിക മത്സരത്തെ പറ്റിയും ചിന്തിക്കാനാവില്ല. എവിടെ നിന്നാണ്‌ കളിക്കാരെ കിട്ടുക? കളിക്കാരെല്ലാം എങ്ങനെ യാത്ര ചെയ്യും? ഈ സാഹചര്യത്തില്‍ ഇതെല്ലാം സാമാന്യ ബുദ്ധി ഉപയോഗിച്ച്‌ മനസിലാക്കാം. ലോകത്ത്‌ ഒരു ഭാഗത്തും കായിക മത്സരങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ ഇല്ല. തിങ്കളാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിനു ശേഷം കൃത്യമായി ഇക്കാര്യം അറിയിക്കാം. പക്ഷേ, ജീവിതം നിശ്ചലമാകുമ്പോൾ കായിക മത്സരങ്ങൾക്ക് എന്ത് സ്ഥാനം?”- ഗാംഗുലി പറഞ്ഞു.

മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ ഈ മാസം 15 ലേക്ക് നീട്ടിവച്ചിരുന്നു. എന്നാൽ കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ ഈ തിയതിയിൽ ഐപിഎൽ നടക്കില്ല.

Story Highlights: BCCI President Sourav Ganguly on holding IPL 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top