ഇന്ത്യൻ പൗരൻ; കളിക്കുന്നത് സ്പാനിഷ് ലീഗിൽ: ഇതാണ് ഇഷാൻ പണ്ഡിറ്റ

ഛേത്രിക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ മുന്നേറ്റത്തിൽ ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ഛേത്രിക്കൊപ്പം ജെജെയും കൂടി ഉടൻ ബൂട്ടഴിക്കുമെന്ന യാഥാർത്ഥ്യം മുന്നിൽ നിൽക്കെ ഈ വിടവ് എത്രയും വേഗം നികത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അല്ലറ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തിയിട്ടും ഇതിലേക്ക് ആളെ കണ്ടെത്താനായിട്ടില്ല. അങ്ങ് സ്പെയിനിൽ ഛേത്രിയുടെ പകരക്കാരനാവാൻ ശേഷിയുള്ളൊരു താരം ഗോളടിച്ച് തകർക്കുകയാണെങ്കിലും പരിശീലകൻ ഇഗോർ സ്റ്റിമാച് ഇന്ത്യ വിട്ട് നോക്കുന്നില്ല. സ്പെയിനിലെ ലാലിഗ മൂന്നാം ഡിവിഷനിലേക്ക് നോക്കിയാൽ ആ താരത്തെ കാണാം.
ഇഷാൻ പണ്ഡിറ്റ എന്നാണ് 21കാരനായ ബെംഗളൂരു സ്വദേശിയുടെ പേര്. സ്പെയിൻ ഫുട്ബോൾ മൂന്നാം ഡിവിഷനിലെ ലോർക്ക എഫ്സിയുടെ താരമാണ് പണ്ഡിറ്റ. ബെഞ്ച് ചൂടാക്കുകയല്ല, ശരിക്കും ഫസ്റ്റ് ടീം പ്ലയർ. മൂന്നാം ഡിവിഷനിൽ നിന്ന് മുൻപ് മൂന്ന് താരങ്ങൾ ഐഎസ്എല്ലിൽ കളിച്ചിട്ടുണ്ടെന്നോർക്കണം. കൊറോണ ഭീതിക്ക് മുൻപ് രണ്ടാം ഡിവിഷൻ ലീഗായ സെഗുണ്ടയിലെ ചില ടീമുകൾ ഇഷാനെ സമീപിച്ചതാണ്. ചർച്ചകൾ തുടങ്ങിയപ്പോഴേക്കും കൊറോണയും ലോക്ക് ഡൗണുമൊക്കെ ആയി. സ്പെയിനിൽ സംഗതി വഷളായതോടെ ഇഷാൻ നാട്ടിലേക്ക് പറന്നു.
സ്പെയിനിൽ തന്നെ തുടരാനാണ് ഇഷാന് ഇഷ്ടം. രാജ്യത്തെ ഫുട്ബോൾ സംസ്കാരവുമായി പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും ഇപ്പോൾ കാര്യങ്ങൾ മനസ്സിലായെന്ന് ഇഷാൻ പറയുന്നു. അവിടെ കളിക്ക് വേഗത കൂടുതലാണ്. എങ്കിലും സ്പെയിനിലെ അവസ്ഥ മോശമായി തുടരുകയാണെങ്കിൽ ഏതെങ്കിലും ഐലീഗ്, ഐഎസ്എൽ ക്ലബിൽ ഒരു വർഷം കളിക്കുന്നത് പരിഗണയിലുണ്ട്.
സാക്ഷാൽ പോൾ പോഗ്ബയുടെ സഹോദരൻ മത്തിയാസ് പോഗ്ബയെപ്പോലും മറികടന്നാണ് ഇഷാൻ ഫസ്റ്റ് ഇലവനിൽ ഇടം പിടിച്ചത്. ആകെ കളിച്ച 27ൽ 25 മത്സരങ്ങളിലും ഇഷാൻ കളത്തിലിറങ്ങി. ആറു ഗോളുകളും നേടി. ടീമിലെ ടോപ്പ് സ്കോറർ. തുടർന്ന്, നിലവിൽ ബി ഡിവിഷനിൽ കളിക്കുന്ന, മുൻപ് ടോപ് ടയറിൽ കളിച്ചു കൊണ്ടിരുന്ന ഒരു ടീം ഇഷാനെ സമീപിച്ചു. ഓഫർ അണ്ടർ-23 ടീമിനു വേണ്ടിയായിരുന്നു എന്നതിനാൽ ഇഷാൻ അത് നിരസിച്ചു.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇതുവരെ ഇന്ത്യൻ ടീമിൻ്റെ ക്യാമ്പിലേക്ക് പോലും ഇഷാൻ ക്ഷണിക്കപ്പെട്ടിട്ടില്ല. ജെജെയും ഛേത്രിയും കരിയറിൻ്റെ അവസാനത്തിൽ നിൽക്കെ പകരക്കാരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
Story Highlights: ishan pandita indian player who plays in spain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here