Advertisement

സംസ്ഥാനത്ത് കൊവിഡ് റാപിഡ് ടെസ്റ്റ് വ്യാപകമാക്കുന്നു; നാല് വിഭാഗങ്ങളാക്കി തിരിച്ച് പരിശോധന

April 12, 2020
Google News 1 minute Read

സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് വ്യാപകമാക്കും. റാപിഡ് ടെസ്റ്റിന് വിധേയരാക്കേണ്ടവരെ നാല് വിഭാഗങ്ങളായി തിരിച്ച് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ആയിരിക്കും ആദ്യം പരിശോധന. ഒരു ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് പരിശോധന ആരംഭിക്കും. സംസ്ഥാനത്ത് ജാഗ്രത കർശനമായി തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനായി ഒരു ലക്ഷം ദ്രുത പരിശോധനകൾ നടത്തും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ പുറത്തിറക്കിയ സർക്കാർ മാർഗ നിർദേശത്തിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ട വരെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

ആശുപത്രികളിൽ,കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവരെയും കൊവിഡ് സ്ഥിരീകരിക്കാത്തവരെ ചികിത്സിക്കുന്നവരെയുമാണ് ആദ്യം പരിശോധനയ്ക്ക് വിധേയരാക്കുക. ഇതിനായി 25,000 റാപിഡ് ടെസ്റ്റ് കിറ്റുകൾ നൽകും.

പൊതുജനങ്ങളുമായി അധിക സമ്പർക്കം പുലർത്തുന്ന പൊലീസ്, ഫീൽഡ് ലെവൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർക്കും ഉപവിഭാഗത്തിൽ റേഷൻ കടകൾ നടത്തുന്നവർ, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി നടത്തുന്നവർ, അവശ്യസാധന വിതരണക്കാർ, കമ്മ്യൂണിറ്റി കിച്ചണുകളിൽ പ്രവർത്തിക്കുന്നവർക്കും പരിശോധന നടത്തും. ഇതിനായി 25,000 കിറ്റുകളാണ് അനുവദിക്കുക.

മൂന്നാം വിഭാഗത്തിലാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധന. പഞ്ചായത്ത് തലത്തിൽ എണ്ണമെടുത്ത് റൂട്ട് മാപ്പ് തയാറാക്കി വീടുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഇതിലേക്ക് 25,000 കിറ്റുകളാണ് നൽകുക.

നാലാമത്തെ വിഭാഗത്തിൽ 60ന് മുകളിൽ പ്രായമുള്ളവരുടെ പരിശോധനയാണ്. സാമൂഹ്യ നീതി ഡയറക്ടർ തയ്യാറാക്കുന്ന 60ന് മുകളിൽ പ്രായമുള്ളവരുടെ പട്ടികയിൽ നിന്ന് റാൻഡം സാംപ്ലിംഗ് നടത്തേണ്ടവരുടെ ചുരുക്കപട്ടിക കളക്ടർ തയ്യാറാക്കും. 20,000 കിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സീറോ സർവയലൻസ് ടീം വീടുകളിൽ എത്തി സാമ്പിളുകൾ ശേഖരിക്കും.

ആദ്യ രണ്ട് വിഭാഗക്കാരും നിർേദശിക്കുന്ന സമയങ്ങളിൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്ക് വിധേയരാകണം. ആദ്യ വിഭാഗമൊഴികെയുള്ള മൂന്ന് ഗ്രൂപ്പുകളിലും റാൻഡം രീതിയിലാവും സാംപിളുകൾ ശേഖരിക്കുക. കളക്ടർമാർക്കും ജില്ലാ നിരീക്ഷണ ഓഫിസർമാർക്കുമാണ് പരിശോധന ചുമതല.

 

kerala. coronavirus, raid test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here