ധോണി ടീമിൽ കടിച്ചു തൂങ്ങാതെ വിരമിക്കണം: ഷൊഐബ് അക്തർ
ടീമിൽ കടിച്ചു തൂങ്ങാതെ ധോണി വിരമിക്കണമെന്ന് മുൻ പാക് ക്രിക്കറ്റർ ഷൊഐബ് അക്തർ. വിരമിക്കൽ ഇത്രയും കാലം ദീർഘിപ്പിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും 100 ശതമാനം ടീമിനു കൊടുക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ താൻ വിരമിച്ചു എന്നും അക്തർ കൂട്ടിച്ചേർത്തു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അക്തർ മനസ്സു തുറന്നത്.
“2019 ലോകകപ്പിനു ശേഷം എന്തുകൊണ്ട് ധോണി വിരമിച്ചില്ല എന്നത് എനിക്ക് മനസ്സിലാവുന്നില്ല. ലോകകപ്പ് സെമി ഫൈനലില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ തന്നെ അദ്ദേഹം വിരമിക്കണമായിരുന്നു. എന്തുകൊണ്ട് അതിന് തയ്യാറായില്ല എന്നത് ധോണിക്ക് മാത്രമേ അറിയൂ. തനിക്ക് സാധിക്കുന്നിടത്തോളം കാര്യങ്ങൾ അദ്ദേഹം ചെയ്‌തു കഴിഞ്ഞു. ഇനി മാന്യതയോടെ വിരമിക്കുകയാണ് വേണ്ടത്. ധോണിയെ അര്‍ഹിക്കുന്ന ആദരവോടേയും ബഹുമാനത്തോടെയും പോവാന്‍ അനുവദിക്കണം. അദ്ദേഹത്തിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ കളി മതിയാക്കിയേനെ. 2011 ലോകകപ്പിനു ശേഷം എനിക്ക് രണ്ടോ മൂന്നോ കൊല്ലം കൂടി ക്രിക്കറ്റിൽ തുടരാമായിരുന്നു. പക്ഷേ, എൻ്റെ 100 ശതമാനവും ടീമിനു നൽകാൻ സാധിക്കില്ലെന്ന് മനസ്സിലായി. എന്തിനാണ് ടീമിൽ കടിച്ചു തൂങ്ങുന്നത്?”- അക്തർ ചോദിച്ചു.
ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന വ്യക്തി എന്ന നിലയിൽ ധോണിക്ക് നല്ല യാത്ര അയപ്പ് നൽകുകയാണ് വേണ്ടതെന്നും അക്തർ കൂട്ടിച്ചേർത്തു. ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹം രാജ്യത്തിനായി നടത്തിയിട്ടുണ്ട്. ലോകകപ്പിനുശേഷം അദ്ദേഹത്തിന് ഒരു വിരമിക്കൽ പരമ്പരയ്ക്ക് അവസരം കൊടുക്കാമായിരുന്നു. അങ്ങനെയെങ്കിൽ തന്റെ സ്ഥാനത്തിനൊത്ത ഒരു യാത്രയയപ്പ് അദ്ദേഹത്തിന് കിട്ടിയേനെ. പക്ഷേ, ഇപ്പോൾ സംഗതി കൈവിട്ടു പോയിരിക്കുകയാണെന്നും അക്തർ പറഞ്ഞു.
Story Highlights: dhoni should retire shoaib akhtar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here