ഇറ്റലിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 19,899 ആയി; മരണ നിരക്കിൽ കുറവ്

കൊവിഡ് ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 19,899 ആയപ്പോൾ സ്പെയിനിലേത് 17,489 ആയി. സ്പെയിനിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,69,496 ഉം ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം 1,66,363 ആണ്. സ്പെയ്നിലും ഇറ്റലിയിലും മരണ നിരക്കിൽ നേരിയ കുറവുണ്ട്.
സ്പെയിനിൽ 619 പേരും ഇറ്റലിയിൽ 431 പേരുമാണ് ഇന്നലെ മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോൾ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. സ്പെയിനിൽ 62,391 പേരും ഇറ്റലിയിൽ 34,211 പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. 4092 പേർക്കാണ് ഇന്നലെ ഇറ്റലിയിൽ കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ സ്പെയിനിൽ 4,167 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
സ്പയിനിൽ നിർമാണ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി നടപ്പാക്കിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ചില മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സർക്കാർ എപ്പോഴും ജാഗരൂകരായിരിക്കുമെന്നും രോഗബാധിതരുടെ എണ്ണം ഇനിയും കുറയ്ക്കാനാണ് ശ്രമമെന്നും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. കോടിക്കണക്കിന് വരുന്ന സ്പാനിഷുകാർ പൂർണമായും വീട്ടിലിരിക്കാൻ തയ്യാറായതാണ് രോഗനിയന്ത്രണത്തിന് സഹായകമായതെന്നും സാഞ്ചസ് പറഞ്ഞു.
ഇറ്റലിയിൽ ആദ്യ ഘട്ടത്തിലുണ്ടായ രോഗവ്യാപനത്തിൽ കാര്യമായ കുറവാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഐസിയുവിലുള്ള രോഗികളുടെ എണ്ണം കുറഞ്ഞത് ശുഭസൂചകമാണെന്നും കാര്യങ്ങൾ നിയന്ത്രണാധീനമാണെന്നും ഇവർ വ്യക്തമാക്കി. ഒരു മാസത്തിലധികമായി രാജ്യത്ത് നിലനിൽക്കുന്ന കർശന നിയന്ത്രണങ്ങളാണ് രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിച്ചതെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here