കോഴിക്കോട്ട് രണ്ട് പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കം വഴി

കോഴിക്കോട്ട് രണ്ട് പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കം വഴി. കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയായ 67കാരന്റെ മകനും, മകളുടെ കുട്ടിക്കുമാണ് കൊവിഡ്. കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയുമായുള്ള സമ്പർക്കത്തെത്തുടർന്നാണ് മൂന്നാമത്തെ ആൾക്ക് രോഗം ബാധിച്ചത്.
അഴിയൂർ സ്വദേശിയായ, 42 കാരനാണ് ഒരാൾ. മാഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആളാണ്. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതൽ സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റ് രണ്ട് പേരിൽ ഒരാൾ മാർച്ച് 18 ന് ദുബായിൽ നിന്ന് വന്നതാണ്. 35 വയസുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രിൽ 11 ന് പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിൽ ആണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെ ആളും ഇതേ വീട്ടിൽ തന്നെയുള്ള 19 കാരിയാണ്. ഇവരെല്ലാം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരിൽ ഏഴ് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാൽ ഒൻപത് പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരിൽ രണ്ട് കാസർഗോഡ് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂർ സ്വദേശികൾ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്ന് 1167 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവിൽ 16,240 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 5 പേർ ഉൾപ്പെടെ ആകെ 29 പേരാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 4 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഇന്ന് 19 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 556 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 532 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 512 എണ്ണം നെഗറ്റീവ് ആണ്. 16 കോഴിക്കോട് ജില്ലക്കാരും നാല് ഇതര ജില്ലക്കാരും ഉൾപ്പെടെ ആകെ 20 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള നാല് പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ദുബായിൽ നിന്ന് വന്നവരാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ മൂന്ന് പേരും കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായിൽ നിന്നും വന്നവർ. കോഴിക്കോട് ജില്ലയിലെ രണ്ട് പേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Read Also: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്ക്
കൊവിഡ് ബാധിച്ച 13 പേർ കൂടി ഇന്ന് രോഗമുക്തി നേടി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള ആറ് (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന നാല് പേർ ഉൾപ്പെടെ) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് പേരുടെ വീതവും, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവിൽ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും രോഗമുക്തി നേടിയത്.
kozhikode, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here