അഭിനന്ദനമല്ല, സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളാണ് വേണ്ടത്; പ്രധാനമന്ത്രിയെ വിമർശിച്ച് ധനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി ധനമന്ത്രി ടി എം തോമസ് ഐസക്. കേന്ദ്രസർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയാണ് മന്ത്രി വിമർശിച്ചത്. കൊവിഡ് പ്രതിരോത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ വീട്ടിൽ അടച്ച് പൂട്ടിയിരിക്കുന്ന സാധാരണക്കാരന്‍റെ ഉപജീവനം കൂടി ഉറപ്പ് വരുത്തണണെന്ന് മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ ഉപജീവനം ഉറപ്പാക്കാനുള്ള നടപടികളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. പാവപ്പെട്ടവന് വേണ്ടത് പണമാണ്. അത് എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. ഭക്ഷണവും പണവും നൽകണം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാനുള്ള പരിശ്രമങ്ങൾ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. റിസർവ് ബാങ്ക് വഴി വായ്പ ലഭ്യമാക്കാൻ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അൽപ സമയം മുൻപാണ് എത്തിയത്. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here