വീസാചട്ട ലംഘനം; നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത 11 വിദേശികൾ ബീഹാറിൽ അറസ്റ്റില്‍

വീസാചട്ടം ലംഘിച്ച 11 വിദേശികളെ അറസ്റ്റ് ചെയ്ത് ബീഹാർ പൊലീസ്. ബുക്‌സറിൽ വച്ചായിരുന്നു അറസ്റ്റ്. ഡൽഹിയിലെ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ് ഇവർ എന്നാണ് വിവരം. ഇന്തോനേഷ്യ, മലേഷ്യ എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പൗരന്മാരെയാണ് അറസ്റ്റ് ചെയ്തത്. 11 വിദേശികളും ക്വാറന്റീനിലായിരുന്നു. പരിശോധനയിലൂടെ ഇവര്‍ക്ക് ആർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി ജയിലിടച്ചെന്ന് പൊലീസ് സൂപ്രണ്ട് ഉപേന്ദ്രനാഥ് വർമ പറഞ്ഞു. മാധ്യമങ്ങളോടാണ് ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. നേരത്തെ വീസാചട്ടം ലംഘിച്ച് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒൻപത് ബംഗ്ലാദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമസ്തിപൂർ ജില്ലയിൽ വച്ചായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവച്ച കോൺഗ്രസ് നേതാവിന് കൊവിഡ് പോസിറ്റീവ് ആയത് വാർത്തയിലിടം നേടിയിരുന്നു. നേതാവിന്റെ കുടുംബത്തിനും ഫലം പോസിറ്റീവാണ്. കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻ കൗൺസിലറായിരുന്ന ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരുത്തിരവാദിത്തപരമായ പെരുമാറ്റം കാരണം ഇദ്ദേഹം താമസിക്കുന്ന സൗത്ത്-വെസ്റ്റ് ഡൽഹിയിലെ ധീൻപുർ ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ നേതാവിനെയും കുടുംബത്തെയും അംബേദ്ക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story highlights-bihar,foreigners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here