ചൈനയിൽ നിന്ന് ആറര ലക്ഷം കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യ

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നതിനിടെ ചൈനയിൽ നിന്ന് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. ആറര ലക്ഷം പരിശോധനാ കിറ്റുകളാണ് ഇറക്കുമതി ചെയ്യുന്നത്. 550,000 ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളും ചൈന വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതായാണ് വിവരം. മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ചൈനയുമായി ധാരണയായത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ്. ഇന്ത്യ ചൈനീസ് സ്ഥാപനങ്ങൾക്ക് നൽകിയ ഓർഡറിന്റെ ഭാഗമായാണ് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തുന്നത്. മെഡിക്കൽ സപ്ലൈകൾക്കും സുരക്ഷാ ഉപകരണങ്ങൾക്കുമായാണ് ഓർഡർ ഇന്ത്യ നൽകിയിരിക്കുന്നത്.
ബീജിംഗിലെ ഇന്ത്യൻ എംബസിയും ഗ്വാങ്ഷ്വേയിലെ കോൺസുലേറ്റും മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നതിൽ സഹായിച്ചു. കൊവിഡ് -19 പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉത്പാദന വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ബന്ധം സഹായിക്കും. ഇവ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിശ്ര പറഞ്ഞു. ചൈനീസ് കമ്പനികളിൽ നിന്ന് മെഡിക്കൽ സുരക്ഷാ കവചങ്ങൾ, വെന്റിലേറ്ററുകൾ, പരിശോധനാ കിറ്റുകൾ എന്നിങ്ങനെ ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
ഗൗണുകൾ, കൈയുറകൾ, മാസ്കുകൾ, ഗൂഗിളുകൾ എന്നിവ അടങ്ങിയ 15 ദശലക്ഷം സ്വയം പ്രതിരോധ (പിപിഇ) കിറ്റുകളും 1.5 ദശലക്ഷം ദ്രുത പരിശോധന കിറ്റുകളും വാങ്ങുന്നതിന് ഇന്ത്യ ചൈനീസ് കമ്പനികൾക്ക് കരാർ നൽകി. ഗ്വാങ്ഷ്വേ വോണ്ട്ഫോയിൽ നിന്ന് 300,000 റാപ്പിഡ് ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും സുഹായ് ലിവ്സോണിൽ നിന്ന് 250,000 കിറ്റും ഷെൻഷെനിൽ നിന്ന് 100,000 ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളുമാണ് ബുധനാഴ്ച രാത്രി വിമാനത്തിൽ കയറ്റി ചൈന ഇന്ത്യയിലേക്ക് അയച്ചത്. ഇത് ഇന്ന് ഉപകരണങ്ങള്‍ ഇന്ത്യയിലെത്തുമെന്ന് അനുബന്ധ വൃത്തങ്ങൾ അറിയിച്ചു.
Story highlights-covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here