‘കൊറോണയ്ക്ക് പരിവർത്തനമായ പുതിയ വൈറസ്’; കെ എം ഷാജിക്കെതിരെ എ എൻ ഷംസീർ

മുഖ്യമന്ത്രിയെ വിമർശിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിയെ വിമർശിച്ച് എ എൻ ഷംസീർ എംഎൽഎ. കൊറോണയ്ക്ക് പരിവർത്തനമായ പുതിയ വൈറസാണ് കെ എം ഷാജിയെന്ന് എ എൻ ഷംസീർ പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് ഷംസീറിന്റെ വിമർശനവും പരിഹാസവും.
കെ എം ഷാജിയെ നിലവിൽ എംഎൽഎ എന്ന് വിളിക്കാനാകില്ല. വർഗീയത പ്രചരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ ‘എല്ല്’ സുപ്രിംകോടതി കൊണ്ടുപോയതാണ്. അതിന് ശേഷം രണ്ട് അക്ഷരങ്ങളാണ് അവശേഷിക്കുന്നത്. 2021 ലെ തെരഞ്ഞെടുപ്പോടെ ബാക്കി രണ്ട് അക്ഷരങ്ങൾ കേരളത്തിലെ ജനങ്ങൾ എടുത്തുമാറ്റിക്കൊള്ളും. മുഖ്യമന്ത്രിയേയും ദുരിതാശ്വാസ ഫണ്ടിനേയും അവഹേളിച്ച് വാർത്താസമ്മേളനം നടത്തിയ കെ എം ഷാജിക്കെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും എ എൻ ഷംസീൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ എം ഷാജി വാർത്താസമ്മേളനം നടത്തിയിരുന്നു. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകൾ ചോദിക്കുന്നത് തുടരുമെന്നും കെ എം ഷാജി പറഞ്ഞിരുന്നു. പ്രളയമോ, കൊവിഡോ വന്നാൽ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ട. മുഖ്യമന്ത്രിയെ കാണുമ്പോൾ പേടിച്ച് മുട്ടു വിറയ്ക്കുന്ന പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്ത് ഇരിക്കുന്നതെന്ന് മനസിലാക്കണമെന്നും കെ എം ഷാജി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here