Advertisement

കൊവിഡ് : അമേരിക്കയില്‍ മരണ സംഖ്യ 27,549 ആയി

April 16, 2020
1 minute Read

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 27,549 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1502  പേരാണ് അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,22,412 ആയി ഉയര്‍ന്നു. 8,526 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13,477 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 47,707 ആയി

അതേസമയം ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി. ചൈനയില്‍ കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കില്ലെന്ന് പ്രഖ്യപിച്ചത്. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്.

എന്നാല്‍ ലോകം ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് ട്രംപ് കൈക്കൊണ്ട നിലപാട് ശരിയായില്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. സാമ്പത്തികസഹായം നിര്‍ത്തിവെയ്ക്കരുതെന്നും പ്രത്യാഘാതത്തെ ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ച് നേരിടണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പറഞ്ഞു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. ലോകം ഒരു വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം അത്യന്തം അപകടകരമാണെന്ന് ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കൊവിഡിന്റെ വ്യാപനത്തിന്റെ വേഗത കുറയ്ക്കാനായിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രവര്‍ത്തനം നിലച്ചാല്‍ മറ്റാരെയും അതിന് പകരം വെയ്ക്കാനാവില്ല. ലോകത്തിന് എന്നത്തെക്കാള്‍ കൂടുതല്‍ ലോകാരോഗ്യ സംഘടനയെ ആവശ്യമായ സമയമാണിതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

 

Story highlights- covid19, coronavirus, Death toll rises us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top