ബാർബർ ഷോപ്പുകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി

സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി സർക്കാർ.
അടുത്തയാഴ്ച മുതൽ ബാർബർ ഷോപ്പുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് ഇളവില്ല. അവ അടഞ്ഞുതന്നെ കിടക്കും. കോസ്മറ്റിക്‌സ് ഉപയോഗിച്ചുള്ള സൗന്ദര്യവർധന സേവനങ്ങൾ ഇല്ലാതെ ബാർബർ ഷോപ്പുകൾക്കാണ് തുറക്കാൻ അനുമതി. ബാർബർ ഷോപ്പിൽ എസി ഉപയോഗിക്കരുത്. രണ്ടിൽ കൂടുതൽ ആളുകൾ ഷോപ്പിൽ കാത്തിരിക്കാനും പാടില്ല.
നേരത്തെ കയർ, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉൾപ്പെടെയുള്ള മേഖലകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്. ശുചീകരണത്തിനായി എല്ലാ കടകളും ഒരു ദിവസം തുറക്കാൻ അനുമതി നൽകും.
അതേസമയം, കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച സർക്കാർ ഈ നാല് മേഖലകളിലും ഇളവുകൾ വ്യത്യസ്തമായിരിക്കുമെന്നും അറിയിച്ചിരുന്നു. മലപ്പുറം, കാസർകോട് കണ്ണൂർ കോഴിക്കോട് മലപ്പുറം എന്നീ ജില്ലകൾ അതിതീവ്ര മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കർശന നിയന്ത്രണമാകും നടപ്പാക്കുക. പത്തനംതിട്ട കൊല്ലം എറണാകുളം ജില്ലകൾ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക സോണിൽ ഇളവുകൾ 24 ന് ശേഷമാകും ഉണ്ടാവുക.
അലപ്പുഴ, തിരുവന്തപുരം, തൃശൂർ, പാലക്കാട്, വയനാട്, എന്നിവയ്ക്ക് ഭാഗിക ഇളവ് വന്നേക്കും. കോട്ടയം ഇടുക്കി എന്നീ ജില്ലകളിലുള്ളവർക്ക് സാധാരണ ജന ജീവിതം അനുവദിക്കാമെന്ന് സർക്കാർ പറയുന്നു. എന്നാൽ എല്ലാ ഇളവുകളും 20 ന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു.
Story Highlights- Barber Shop, Lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here