കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‌കാര ചടങ്ങ് തടഞ്ഞ് നാട്ടുകാർ

കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ് പ്രദേശവാസികൾ. മേഘാലയയിലാണ് സംഭവം. കൊവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ഡോക്ടർ മരിച്ചത്. ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചെങ്കിലും നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ചത് ഡോക്ടറാണ്. മൃതദേഹം സംസ്‌കരിക്കേണ്ട തൊഴിലാളികൾ അതിന് പ്രാപ്തരല്ലെന്നും അവർക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാർ ഇടപെട്ടത്. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ചിതാഭസ്മം അടക്കം ചെയ്യാനും നാട്ടുകാർ അനുവദിച്ചില്ല.
ഷില്ലോംഗിലെ ബെതാനിയിൽ ക്ലിനിക് നടത്തിവരികയായിരുന്നു ഡോക്ടർ. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടറുമായി ഇടപഴകിയ 2000 പേരെ കണ്ടെത്തിയിട്ടുണ്ട്. നഗരത്തിൽ രണ്ട് ദിവസത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here