പിസിആര്‍ ലാബ് സജ്ജം; എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനാ ഫലം ഇനി രണ്ടര മണിക്കൂറിനകം

കൊവിഡ് 19 പരിശോധനക്ക് സഹായകമാവാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ ലബോറട്ടറികള്‍ സജ്ജമായി. പരിശോധനാ ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന റിയല്‍ ടൈം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ പരിശോധനാ സംവിധാനമാണ് ജില്ല ഭരണകൂടത്തിന്റെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതരുടെയും നിരന്തരമായ ശ്രമഫലമായി പ്രാവര്‍ത്തികമായത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജില്ലയില്‍ നിന്നുള്ള സാംപിളുകള്‍ പ്രധാനമായി പരിശോധിച്ചിരുന്നത്. ഇതിന് കാലതാമസം നേരിടുന്നതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം ക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്.

ദിവസേന 180 സാംപിളുകളാണ് ലാബില്‍ പരിശോധിക്കാൻ സാധിക്കുന്നത്. രണ്ട് പിസിആര്‍ ഉപകരണങ്ങളാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുള്ളത്. ഒന്നേകാല്‍ കോടി രൂപയാണ് ലാബ് സജ്ജീകരണത്തിന് ഇതുവരെ ചെലവായിട്ടുള്ളത്. നിപ്പ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടര്‍മാർക്കാണ് ലാബിന്റെ ചുമതല. ഐസിഎംആറിന്റെ അനുമതിയോടു കൂടി വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയും പുതിയ ലാബില്‍ നടത്താൻ സാധിക്കും.

പിടി തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 27.57 ലക്ഷം രൂപ ചെലവില്‍ ബയോ സേഫ്റ്റി ക്യാബിനറ്റുകളും ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 36 ലക്ഷം രൂപ ചെലവില്‍ പരിശോധനാ കിറ്റുകളും ലാബിലേക്ക് അനുവദിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ജെ ലാന്‍സിയുടെ നേതൃത്വത്തില്‍ മൈക്രോ ബയോളജി വിഭാഗം ജീവനക്കാരായ ഡോ. ജോന, ഡോ. ഇന്ദു, ടെക്‌നീഷ്യന്‍മാരായ വിപിന്‍ദാസ്, ആഫി, അഞ്ജു സെബാസ്റ്റ്യന്‍, അര്‍ച്ചന എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും.

ബാംഗ്ലൂര്‍, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് പരിശോധനക്കാവശ്യമായ സാമഗ്രികൾ എത്തേണ്ടിയിരുന്നത്. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നിന്ന് പ്രത്യേക വാഹനം ക്രമീകരിച്ചാണ് പരിശോധനക്കാവശ്യമായ സംയുക്തങ്ങള്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഡിഎംഒ എംകെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യുസ് നുമ്പേലി, അഡീഷണല്‍ ഡിഎംഒ ഡോ. വിവേക് തുടങ്ങിയരുടെ നേതൃത്വത്തിലാണ് പരിശോധനാ സാമഗ്രികള്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. പിസിആര്‍ പരിശോധനക്കായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പീറ്റര്‍ പി വാഴയില്‍, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. തോമസ് മാത്യു ആര്‍എംഒ ഡോ. ഗണേശ് മോഹന്‍, എആര്‍എംഒ ഡോ. മനോജ്, ഡോ നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക ലാബ് തന്നെ സജീകരിച്ചു നല്‍കി.

പിഡബ്ലുഡിയുടെ നേതൃത്വത്തിലാണ് ലാബിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൈക്രോ ബയോളജി ലാബ് സമുച്ചയത്തിൽ ഒഴിഞ്ഞു കിടന്നിരുന്ന രണ്ടു മുറികൾ ആധുനികവത്കരിച്ച ശേഷം പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്താണ് വൈറോളജി ലാബ് സജ്ജീകരിച്ചിരിക്കുന്നത്.

അഞ്ചു മുറികളിൽ ആദ്യത്തേത് റിസപ്‌ഷനും സാമ്പിൾ കൈപ്പറ്റുന്നതിനും റിപ്പോർട്ട് പ്രിൻറിങ്ങിനുമായി സജ്ജീകരിച്ചിരിക്കുന്നു. പരിശോധനയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് സാമ്പിൾ പ്രോസസിങ് റൂമിലാണ്. അത്യാധുനിക യന്ത്രങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് ആരോഗ്യ പ്രവർത്തകർ സാമ്പിളുകൾ ശേഖരിച്ച് പ്രോസസ്സ് ചെയ്യുന്നത്. മൂന്നു ലക്ഷം രൂപ വിലയുള്ള സേഫ്റ്റി കാബിനറ്റ് ആണ് സാമ്പിൾ പ്രോസസിങ് യൂണിറ്റിൽ ഉള്ളത്. അതിനുശേഷം അടുത്ത യൂണിറ്റിൽ ആർ എൻ എ എക്സ്ട്രാറ്റ് ചെയ്‌തെടുക്കുന്ന പ്രോസസ്സ് ആണ്. അതിനു ശേഷം പരിശോധനയുടെ ഭാഗമായുള്ള മാസ്റ്റർ മിക്സ് റൂമിൽ അടുത്ത ഘട്ട പ്രോസസിങ് നടത്തപ്പെടുന്നു. റിയൽ ടൈം പി സി ആർ എന്ന അവസാന ഘട്ടത്തിലാണ് കോവിഡ് പരിശോധന പൂർണ്ണമാകുന്നത്.

Story Highlights: pcr lab for covid test in ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top