Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

April 17, 2020
Google News 1 minute Read

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ 31 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.

ഏപ്രില്‍ 13 ന് അഴിയൂരില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ മാഹിയില്‍ അലിഫ് ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധമായുള്ള പച്ചക്കറി കടയില്‍ സഹായിയായി ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം. പതിവായി രണ്ടുപേരും ഒരുമിച്ച് ഒരേ വാഹനത്തിലാണ് ജോലി ചെയ്യുന്ന കടയിലേക്ക് പോയിരുന്നത്. ഏപ്രില്‍ ഏഴാം തീയതി വരെ ഇരുവരും ഇവിടെ ജോലിക്ക് പോയിരുന്നു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ദിവസവും രാത്രി ഭക്ഷണത്തിനുശേഷം മാഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള മൊഹിദീന്‍ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായി പോവാറുണ്ട്. അവിടെ നിന്ന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിലും മിക്കവാറും ദിവസങ്ങളില്‍ പോകാറുണ്ട്. അവിടെയുള്ള ആളുകളെ കണ്ടെത്തി ഇതിനകംതന്നെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഏപ്രില്‍ 13ന് ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന ആള്‍ക്ക് കൊവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് 14ാം തീയതി ഉച്ചയോടെ ഇദ്ദേഹത്തെ വടകരയുള്ള കൊവിഡ് കെയര്‍ സെന്ററില്‍ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു. ഈ വ്യക്തിയുമായി നേരിട്ട് ഇടപഴകിയ കുടുംബാംഗങ്ങളെയും അറിവിലുള്ള വ്യക്തികളെയും ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.

അഴിയൂരിലുള്ള വീട്ടില്‍ നിന്ന് ന്യുമാഹിയിലുള്ള കടയിലേക്കും തിരികെയും കൂടെ ജോലി ചെയ്യുന്ന ആളുടെ വാഹനത്തിലാണ് ദിവസേന യാത്ര ചെയ്തിരുന്നെങ്കിലും അധികം ആളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ചക്കാലം ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരും രോഗിയുമായി നേരിട്ട് ഇടപഴകിയവരുമായവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ കണ്‍ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടേണ്ടത്. അവര്‍ 28 ദിവസം വീട്ടില്‍ തന്നെ നിര്‍ബന്ധമായും ഐസൊലേഷനില്‍ കഴിയേണ്ടതും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടേണ്ടതുമാണ്. ഇവര്‍ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിലേക്ക് പോകാന്‍ പാടുള്ളതല്ല. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04952373901, 2371471, 2371002.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here