ഐസിഎംആർ അംഗീകാരവുമായി എറണാകുളത്തെ സര്‍ക്കാര്‍ കൊവിഡ് പരിശോധനാ ലാബ്

എറണാകുളം മെഡിക്കൽ കോളജിലെ കൊവിഡ് സാമ്പിൾ പരിശോധനാ ലാബിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അംഗീകാരം. ജില്ലയിൽ കൊവിഡ് പരിശോധന ഫലം ഇനി രണ്ടര മണിക്കൂറിനകം ലഭ്യമാകും. ദിവസേന 180 സാമ്പിളുകളാണ് ലാബിൽ പരിശോധിക്കാൻ സാധിക്കുക.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജില്ലയിൽ നിന്നുള്ള കൊവിഡ് സാമ്പിളുകൾ പരിശോധിച്ചിരുന്നത്. എന്നാൽ ഇതിന് കാലതാമസം നേരിടുന്നതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ സഹായിക്കുന്ന റിയൽ ടൈം റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ പരിശോധന അഥവാ ആർ.ടി.പി.സി.ആർ ലബോറട്ടറി സജ്ജമാക്കിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സെന്ററിന്റെ അനുമതിയോട് കൂടി മാത്രമേ വിവിധ വൈറസ് രോഗങ്ങളുടെ പരിശോധനയടക്കം പുതിയ ലാബിൽ നടത്താൻ സാധിക്കുമായിരുന്നുള്ളു. ഈ അനുമതി ലഭിച്ച ലാബിൽ ദിവസേന 180 സാമ്പിളുകൾ പരിശോധിക്കാവുന്നതാണ്. രണ്ട് പിസിആർ ഉപകരണങ്ങളാണ് മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുള്ളത്. നിപാ കാലത്ത് പ്രത്യേക പരിശീലനം കിട്ടിയ ഡോക്ടർമാർക്കാണ് ലാബിന്റെ ചുമതല. ഒന്നേകാൽ കോടി രൂപയാണ് ലാബിന്റെ സജ്ജീകരണത്തിനായി ഇതുവരെ ചെലവായിട്ടുള്ളത്.
Story highlights-ernakulam govt covid test lab, got icmr certification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here