സ്വകാര്യ ലാഭമുണ്ടാക്കാൻ പ്രവർത്തിച്ചു; സ്പ്രിംക്ലറിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഹര്‍ജി

സ്പ്രിംക്ലർ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഹര്‍ജി. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

സ്പ്രിംക്ലർ വിവാദത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രണ്ടാമത്തെ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. അബ്ദുള്‍ ജബ്ബാറുദ്ദീന്‍ എന്നയാളാണ് നിലവില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കൊവിഡ് ബാധിതരുടെ മൗലികാവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുത്തു. കരാര്‍
പൊതുജനത്തിന്റെ സ്വകാര്യതയും ജീവനും അപകടത്തിലാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ 16 പേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

നേരത്തെ സമാന വിഷയത്തില്‍ ബാലു ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയും അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഐടി വകുപ്പിനുമെതിരെയാണ് ഈ ഹര്‍ജിയിലും അന്വേഷണം ആവശ്യപ്പെട്ടത്. സ്പ്രിംക്ലർ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംക്ലറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

Story highlights-appeal against cm pinarayi vijayan on sprinklr deal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top