കോട്ടയത്തും ഇടുക്കിയിലും ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ

കൊവിഡ് മുക്തമായതിനാൽ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് ജില്ലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ തുടരും.
ഇടുക്കി, കോട്ടയം ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ ഇളവുകളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ തുടരുവാനാണ് പുതിയ നിർദേശം. ഇടുക്കിയിൽ തൊടുപുഴ നഗരസഭയും അടിമാലി കഞ്ഞിക്കുഴി മരിയാപുരം ബൈസൺ വാലി, സേനാപതി പഞ്ചായത്തുകളുമാണ് ഹോട്ട് സ്‌പോട്ടിൽ ഉള്ളത്. കോട്ടയം ജില്ലയിലെ തിരുവാർപ്പ്, വെളിയന്നൂർ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ തുടരും. ഇന്ന് ജില്ലകളിലെ സർക്കാർ ഓഫീസുകളും, വ്യാപാര സ്ഥാപനങ്ങളും തുറന്ന് ജീവനക്കാർ ശുചീകരിച്ചു. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ അണു വിമുക്തമാക്കി.
ഇടുക്കിയിലെ തമിഴ്‌നാട് അതിർത്തി മേഖലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കഴിഞ്ഞ ദിവസങ്ങളിലും തമിഴ്‌നാട്ടിൽ നിന്ന് സമാന്തരപാതകൾ വഴി കേരളത്തിലേക്ക് ആളുകൾ എത്തിയതായി കണ്ടെത്തിയിരുന്നു. ഹോട്ട് സ്‌പോട്ടായതിനാൽ തൊടുപുഴയിൽ ഇന്ന് തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ധാരാളം വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പൊലീസ് കർശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നില്ല.
Story highlights-kottayam idukki break down concession starts tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here