കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും സാധ്യമായത് ഇന്ദ്രജാലം കൊണ്ടല്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്: മുഖ്യമന്ത്രി

കൊവിഡില്‍ കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും സാധ്യമായത് ഇന്ദ്രജാലം കൊണ്ടല്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വലിയ സ്വീകാര്യത നേടി. ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്നും ചികിത്സയും മുടങ്ങാതിരിക്കാന്‍ ചികിത്സാ സൗകര്യം ജില്ലാ തലത്തില്‍ ഏര്‍പ്പെടുത്തി. കേരളത്തിന്റെ ചികിത്സാ സംവിധാനങ്ങളുടെ മേന്മയും കരുത്തും ഇവിടെ നിന്ന് കൊവിഡ് ഭേദമായി തിരിച്ചുപോയ എട്ട് വിദേശികള്‍ മറയില്ലാതെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

93 ഉം 88 ഉം വയസായ വൈറസ് ബാധിതരെ ചികിത്സിച്ച് ഭേദപ്പെടുത്തി തിരിച്ച് വീട്ടിലെത്തിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കും സാധ്യമായത് ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെയെല്ലാം കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ്. ഐക്യത്തിന്റെയും ഒരുമയുടെയും ഫലമാണ്. അതുകൊണ്ടാണ് ലോക വ്യാപകമായി കേരളം അഭിനന്ദിക്കപ്പെടുന്നത്. ലോക പ്രശസ്തമായ മാധ്യമങ്ങള്‍ ഫീച്ചറുകള്‍ എഴുതി കേരളത്തിന്റെ മാതൃകയെക്കുറിച്ച് പറയുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേരളത്തിന് നല്‍കിയ പ്രശംസ സ്വന്തം ജീവന്‍ പണയംവച്ച് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഓരോ ആരോഗ്യ പ്രവര്‍ത്തകനും പ്രവര്‍ത്തകയ്ക്കുമുള്ളതാണ്. ഐസി യൂണിറ്റില്‍ രോഗികളെ രാപ്പകല്‍ പരിചരിക്കുന്നവരും ഭക്ഷ്യവസ്തുക്കള്‍ ലോറിയില്‍ കയറ്റുന്നവരും ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം അടങ്ങുന്ന കേരളത്തിന്റെ സേനയാണ് ഈ യുദ്ധമുഖത്തുള്ളത്. ഏത് പ്രതിസന്ധിയും നേരിടാന്‍ നമ്മുക്ക് മറ്റൊന്നും തടസമല്ലെന്നാണ് തെളിയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top