ആകെ റേഷൻ കാർഡുകളുടെ 96.66 ശതമാനം കാർഡ് ഉടമകൾക്ക് ഈ മാസം സൗജന്യ റേഷൻ നൽകി: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 96.66 ശതമാനം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെയുള്ള 87 ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം കാർഡ് ഉടമകളിൽ 84 ലക്ഷത്തി നാല്പത്തിഅയ്യായിരം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകിയെന്നാണ് അദ്ദേഹം അറിയിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
“ഒരു ലക്ഷത്തി നാല്പതിനായിരത്തി ഇരുനൂറ്റി എഴുപത്തി രണ്ട് മെട്രിക് ടൺ അരിയും 15007 മെട്രിക് ടൺ ഗോതമ്പുമാണ് വിതരണം ചെയ്തത്, മെയ് മാസത്തെ വിതരണത്തിനുള്ള അരിയും ഗോതമ്പും റേഷൻ കടകളിലേക്ക് വിതരണത്തിനു തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനാ പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയാ അന്ന യോജനാ മുൻഗണനാ വിഭാഗം, മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ റേഷൻ വിതരണം ഇന്നലെ ആരംഭിച്ചു. ഏപ്രിൽ 26ന് ഇത് പൂർത്തീകരിക്കും. 27 മുതൽ സംസ്ഥാന സർക്കാരിൻ്റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാർഡുകാർക്ക് വിതരണം ചെയ്യും. 22 മുതൽ 26 വരെ യഥാക്രമം 1-2, 3-4, 5-6, 7-8, 9-0 എന്നിങ്ങനെ ഈ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കാവും റേഷൻ വിതരണം. അതിഥി തൊഴിലാളികൾക്ക് ഇതുവരെ 742 മെട്രിക് ടൺ അരിയും രണ്ട് ലക്ഷത്തി 3400 കിലോ ആട്ടയും നൽകി. റേഷൻ കാർഡ് ഇല്ലാത്ത 25906 കുടുംബങ്ങൾക്ക് സൗജന്യമായി 316 മെട്രിക് ടൺ അരി വിതരണം ചെയ്തു. “- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 19 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 16 പേർക്കാണ് ഇന്ന് അസുഖം നെഗറ്റീവായത്. കണ്ണൂർ-7, കാസർഗോഡ്-4, കോഴിക്കോട്-4, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് അസുഖം ഭേദമായത്.
Story Highlights: 96.66 percentage card holders got free ration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here