പ്രവാസികളെ തിരികെ എത്തിക്കാനാകില്ല ; കേന്ദ്രം ഹൈക്കോടതിയിൽ

പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
കേരളം പ്രവാസികളെ സ്വീകരിക്കാൻ തയാറാണെന്നും സംസ്ഥാനം ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ജൂണിൽ മാത്രമേ ഇനി അന്താരാഷ്ട്ര വിമാന സർവീസ് ഉണ്ടാകുകയുള്ളു. അത്രയും നാൾ പ്രവാസികൾ വിദേശത്ത് കുടുങ്ങുമെന്നും ഹർജിക്കാരൻ വാദിച്ചു. കേരളം കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്. കേരളത്തിലേത് സ്‌പെഷ്യൽ കേസായി പരിഗണിക്കണമെന്നും ഹർജിക്കാരൻ അഭ്യർത്ഥിച്ചു. വിദേശ പൗരൻമാരെ അതത് രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് യുഎഇ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ മാത്രമാണ് സ്വന്തം പൗരൻമാരെ തിരിച്ചെത്തിക്കാത്തതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. കുട്ടികൾ, ഗർഭിണികൾ, തോഴിൽ നഷ്ട്ടപ്പെട്ടവർ എന്നിവരെ തിരികെയെത്തിക്കണമെന്നും ഹർജിക്കാരൻ അഭ്യർത്ഥിച്ചു.
എന്നാൽ രാജ്യം ലോക്ക്ഡൗണിലാണെന്നും സാഹചര്യം മനസിലാക്കണമെന്നും ഹർജിക്കാരനോട് കോടതി പറഞ്ഞു.
നേരത്തെ വിദേശത്തുള്ളവരെ തിരികെയെത്തിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ലോക്ഡൗൺ കാലത്ത് അത് പറ്റില്ലെന്നും വ്യക്തമാക്കി. അതേസമയം, പ്രവാസികൾക്ക് ഒരുക്കിയ സൗകര്യങ്ങളടങ്ങിയ റിപ്പോർട്ട് സംസ്ഥാനം ഹൈക്കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ഹർജിയിൽ പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയ സൗകര്യങ്ങൾ അറിയിക്കണമെന്ന് കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്. ഹർജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
Story Highlights- HIGH COURT,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here