കണ്ണൂരിൽ ട്രിപ്പിൽ ലോക്ക് ഡൗണിന്റെ സാഹചര്യമില്ലെന്ന് ഉത്തരമേഖല ഐജി

കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ സാഹചര്യമില്ലെന്ന് ഉത്തരമേഖല ഐജി അശോക് യാദവ്. കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കും. പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഐജി പറഞ്ഞു.
കണ്ണൂരിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കർശന പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. കണ്ണൂരിലെ ചെറു റോഡുകളടക്കം പരിശോധന കർശനമാക്കുമെന്ന് ഐജി പറഞ്ഞു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും അത് കൊവിഡ് പകരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും ഐജി ചൂണ്ടിക്കാട്ടി.
കണ്ണൂരിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. കണ്ണൂർ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ്പിമാർക്ക് നൽകി. കണ്ണൂർ സബ് ഡിവിഷന്റെ ചുമതല ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പിൽ നവനീത് ശർമയ്ക്കും ചുമതല നൽകി. അരവിന്ദ് സുകുമാറിനാണ് തലശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല. വില്ലേജ് അടിസ്ഥാനത്തിൽ അതിർത്തികൾ പൂർണ്ണമായും അടയ്ക്കാനും യോഗത്തിൽ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here