കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മഹാമരിക്കെതിരേ പോരാടുന്നതിനിടയിൽ ജീവൻ വെടിയേണ്ടി വരുന്നവരെ രക്തസാക്ഷികളായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന് എതിരായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ-സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും സർക്കാർ ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെടുന്ന സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് കേന്ദ്ര സർക്കാരുമായി ചേർന്ന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം ഉറപ്പാക്കും. അവരെ രക്തസാക്ഷികളായി കാണുകയും ഔദ്യോഗിക ബഹുമതികളോടെ അവരുടെ സംസ്‌കാരം ചടങ്ങുകൾ നടത്തുകയും ചെയ്യും; നവീൻ പട്നായിക് പറഞ്ഞു.
കൊവിഡ് പോരാളികൾ എന്നാണ് ആരോഗ്യപ്രവർത്തകരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നഷ്ടപരിഹാര പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. ആരോഗ്യപ്രവർത്തകപെ ആക്രമിക്കുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. കൊവിഡ് പോരാളികളുടെ വിലമതിക്കാനാവാത്ത ത്യാഗത്തെ അംഗീകരിക്കുന്നതിനായി പുരസ്‌കാരങ്ങൾ ഏർപ്പെടുത്തുമെന്നും ദേശീയ ദിനങ്ങളിൽ പുരസ്‌കാരദാന ചടങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടിയിൽ മരണപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കുന്ന കാലം വരെയുള്ള ശമ്പളം കുടുംബാംഗങ്ങൾക്ക് നൽകാനും ഓഡീഷ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരുമെല്ലാം മുന്നിൽ നിന്ന് ഈ യുദ്ധം നയിക്കുകയാണ്. മരുന്നോ വാക്സിനോ ഇല്ലാത്ത കൊവിഡ് 19 നെതിരേ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് നമുക്ക് വേണ്ടിയവർ പൊരുതുന്നത്. രാജ്യത്തിനുവേണ്ടി പോരാടുന്ന ധീരരെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ളവരാണ് നാം. അതേ മനോഭാവത്തോടെ കൊവിഡ് പോരാളികളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം; മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങളെ അപമാനിക്കുകയോ തടസപ്പെടുത്താനോ ശ്രമിച്ചാൽ ദേശീയ സുരക്ഷ നിയമം ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നവീൻ പട്നായിക് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here