Advertisement

സംസ്ഥാനത്ത് ആശ വര്‍ക്കര്‍മാര്‍ക്ക് അധിക ഇന്‍സന്റീവായി പ്രതിമാസം 1000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി

April 22, 2020
Google News 2 minutes Read

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഡ്യൂട്ടിയിലായതിനാല്‍ നിബന്ധനങ്ങള്‍ പരിശോധിക്കാതെ സംസ്ഥാനത്തുള്ള 26,475 ആശ വര്‍ക്കര്‍മാര്‍ക്ക് ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 മാര്‍ച്ച് മുതല്‍ 2020 മെയ് മാസം വരെ കാലയളവിലാണ് നിബന്ധനങ്ങള്‍ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും
ലഭ്യമാവുക. ഇതുകൂടാതെ 2020 മാര്‍ച്ച് മുതല്‍ കൊവിഡ് കാലയളവില്‍ അധിക ഇന്‍സന്റീവായി പ്രതിമാസം 1000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 4500 രൂപയില്‍ നിന്ന് 5,000 രൂപയാക്കി കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് 1000 രൂപയായിരുന്നതാണ് ഇപ്പോള്‍ 5000 രൂപയാക്കി വര്‍ധിപ്പിച്ചത്. അതായത് ഈ സര്‍ക്കാരിന്റെ കാലത്ത് ഹോണറേറിയത്തില്‍ അഞ്ച് ഇരട്ടി വര്‍ധനവാണ് വരുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കോവിഡ് കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്ന അധികം സേവനത്തിനാണ് അധികം ഇന്‍സന്റീവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ വലിയ സേവനമാണ് നല്‍കുന്നത്. കുടുംബാരോഗ്യം സംരക്ഷിക്കുന്നതിന് ആശ വര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. ഹോണറേറിയം കൂടാതെ ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്ക് 2019 മെയ് മാസം മുതല്‍ പ്രതിമാസം 2,000 രൂപ ഫിക്സഡ് ഇന്‍സന്റീവും നല്‍കി വരുന്നു. ഇതിന് പുറമേയാണ് കൊവിഡ് കാലത്ത് 1000 രൂപ അധികം നല്‍കുന്നത്.

ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നുണ്ട്. അപകട മരണത്തിന് 5 ലക്ഷം രൂപയും അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യത്തിന് 3 ലക്ഷം രൂപയും അപകടത്തില്‍ പെടുന്നവര്‍ക്ക് റീ ഇമ്പേഴ്സ്മെന്റായി 20,000 രൂപയുമാണ് നല്‍കുന്നത്. സാധാരണ മരണത്തിന് ഗതാഗതത്തിനും സംസ്‌കാര ചെലവിനുമായി 50,000 രൂപയും നല്‍കുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതി വര്‍ഷമുള്ള 21 ലക്ഷത്തോളമുള്ള പ്രീമിയവും സര്‍ക്കാരാണ് അടയ്ക്കുന്നത്.

കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശ വര്‍ക്കര്‍മാര്‍ നടത്തി വന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നും വന്നവരുടേയും കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടേയും ലിസ്റ്റ് തയാറാക്കി അറിയിക്കുക, ഇത്തരം സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ നിരീക്ഷണത്തിലുണ്ടോ എന്ന് അന്വേഷിക്കുകയും നിബന്ധനകള്‍ പാലിക്കാത്തവരെ ബോധവത്കരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുകയോ, നിരീക്ഷണത്തിലുള്ളവര്‍ക്ക് ബന്ധപ്പെട്ടവരുടെ ഇടപെടലിലൂടെ സഹായം നല്‍കുക, 60 വയസിന് മുകളില്‍ പ്രായമുള്ളവരുടേയും ജീവിതശൈലി രോഗമുള്ളവരുടേയും ലിസ്റ്റ് തയാറാക്കി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക, ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക രോഗികള്‍, ഹൃദ്രോഗികള്‍ എന്നിവരെ ബോധവത്കരിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്യുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മുഖേന നടത്തുന്ന ബോധവത്കരണ പരിപാടികളില്‍ പങ്കാളികളാകുക എന്നിവയാണ് ഈ കാലത്ത് ആശ വര്‍ക്കര്‍മാര്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍.

കേരളത്തില്‍ 2007ലാണ് ആശ പദ്ധതി ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കുകയും അത്തരം സേവനങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ആശ വര്‍ക്കര്‍മാരുടെ പ്രധാന ഉത്തരവാദിത്തം. സാമൂഹ്യ- ആരോഗ്യ ബോധവത്കരണം ഉണ്ടാക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക. പ്രാദേശിക ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കി വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക, പകര്‍ച്ചവ്യാധി പ്രതിരോധം, കൊതുക് നിവാരണം എന്നിവയില്‍ നേതൃപരമായ പങ്ക് വഹിക്കുക, നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. നിരോധ്, ഗര്‍ഭ നിരോധന ഗുളികകള്‍, ഒആര്‍എസ്, ക്ഷയരോഗ മരുന്ന് എന്നിവയുടെ പ്രാദേശിക വിതരണക്കാരായി പ്രവര്‍ത്തിക്കുക എന്നിവയാണ് ആശ വര്‍ക്കര്‍മാരുടെ പൊതുവേയുള്ള ചുമതലകള്‍.

കൊവിഡ് പോലെയുള്ള മഹാമാരി സമയത്ത് ആശ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന സേവനം മാതൃകയാണെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സമയത്തും ഫീല്‍ഡ് തലത്തില്‍ അവര്‍ സേവനനിരതരാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വിലപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Story highlights-Asha workers would be given an extra incentive of Rs 1000 per month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here