ഷറ്റോരിയും പുറത്ത്; ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ശക്തം
കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ഈൽകോ ഷറ്റോരിയെ പുറത്താക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഔദ്യോഗിക പ്രഖ്യാപനം. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് വിവരം പങ്കുവച്ചിട്ടുണ്ട്. ഷാട്ടോരിയുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ഭാവിയിൽ അദ്ദേഹത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നും ക്ലബ്ബ് കുറിച്ചു. പാസിംഗ് ഗെയിം പരിചയിപ്പിച്ച ഷറ്റോരിയെ പുറത്താക്കിയതിനെതിരെ ആരാധകർ കനത്ത പ്രതിഷേധങ്ങൾ ഉയർത്തുകയാണ്.
നേരത്തെ തന്നെ ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തു എന്ന് റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ, വിഷയത്തിൽ ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല. അടുത്തിടെ വിഷയത്തിൽ ഷറ്റോരി ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിനെ വിമർശിച്ചിരുന്നു. ക്ലബിൻ്റെ തീരുമാനം എന്താണെന്ന് അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇതേത്തുടർന്നാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റ കരോളിസ് സ്‌കിൻകിസാണ് വികൂനയെ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂർ എഫ്‌സിയും വിക്കൂനയെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സ്‌കിൻകിസിന്റെ ഇടപെടൽ വിക്കൂനയെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുകയായിരുന്നു.
സീസണിൽ പോയിൻ്റ് പട്ടികയിൽ ഏഴാമതായാണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. 18 മത്സരങ്ങളിൽ നിന്ന് 4 ജയവും 7 വീതം സമനിലയും തോൽവിയും സഹിതം 19 പോയിൻ്റുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം. പരുക്കാണ് സീസണിൽ ബ്ലാസ്റ്റേഴ്സിനു തിരിച്ചടി ആയത്.
സീസൺ തുടങ്ങും മുൻപ് തന്നെ സന്ദേശ് ജിങ്കന് പരുക്ക് പറ്റിയത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി. തുടർന്ന് ഏറെ പ്രതീക്ഷയോടെ മുംബൈ സിറ്റിയിൽ നിന്ന് ടീമിലെത്തിച്ച ജിയാനി സുയിവെർലൂണും ജൈറോ റോഡ്രിഗസും പരുക്കേറ്റ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് മുടന്തി. അതുകൊണ്ട് തന്നെ സീസണിൽ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചുമില്ല.
Story Highlights: Kerala Blasters FC have parted ways with the Head Coach, Eelco Schattorie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here