ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കും; സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സർക്കാർ

സാലറി ചലഞ്ചിന് ബദൽ മാർഗവുമായി സംസ്ഥാന സർക്കാർ. ഒരു മാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ തവണകളായി ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഭേദഗതി ചെയ്ത സാലറി ചലഞ്ച് നടപ്പിലാക്കുക. ഒരുമാസത്തെ ശമ്പളം ഒറ്റയടിക്ക് പിടിക്കാതെ ഒരു മാസം ആറ് ദിവസത്തെ ശമ്പളം മാത്രം പിടിക്കും. ഇത്തരത്തിൽ അഞ്ച് മാസം ശമ്പളം പിടിക്കും.
മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളത്തിന്റെ 30% പിടിക്കും. മാസ ശമ്പളം 20,000 രൂപയിൽ താഴെയുള്ള ജീവനക്കാർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം സാലറി ചലഞ്ചിൽ പങ്കെടുത്താൽ മതി. ഒരു വർഷത്തേക്കാകും പിടിക്കുക.
നേരത്തെ ആരോഗ്യപ്രവർത്തകരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് ഐഎംഎ, കെജിഎംഒ എന്നീ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ആരെയും ഒഴിവാക്കാതെ എല്ലാ സർക്കാർ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഭേദഗതി ചെയ്ത സാലറി ചലഞ്ചുമായി മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് സാലറി ചലഞ്ച് ഒഴിവാക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ ഒരു വിഭാഗത്തിൽ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കാത്തതാണ് സാലറി ചലഞ്ച് ഒഴിവാക്കാൻ കാരണം. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സാലറി ചലഞ്ച് ഭേദഗതി ചെയ്തത്.
Story Highlights- salary challenge,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here