എംജി സര്‍വകലാശാല പരീക്ഷകൾ മെയ് മൂന്നാം വാരം മുതൽ

മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ അടുത്ത മാസം 18 മുതൽ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്. ഉത്തരക്കടലാസ് മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ഹോം വാല്യുവേഷനായി നടത്തും.
കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് മൂന്നാം വാരം മുതൽ പുനഃരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ യഥാക്രമം മെയ് 18, 19 തിയതികളിൽ പുനഃരാരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ മെയ് 25 മുതൽ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 25, 28 മുതൽ അതത് കോളജുകളിൽ നടക്കും.
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ മെയ് 25ന് ആരംഭിക്കും. പിജി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. യുജി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാം വാരം മുതൽ നടക്കും. രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ മെയ് മാസത്തോടെ ഇളവുകൾ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ പുനഃരാരംഭിക്കാനുള്ള ടൈം ടേബിളുകൾ തയാറാക്കുന്നത്. സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനഃരാരംഭിക്കുക.
ജൂൺ ഒന്ന് മുതൽ ഒമ്പത് കേന്ദ്രങ്ങളിലായി ഹോം വാല്യൂവേഷൻ രീതിയിൽ ഒരാഴ്ച കൊണ്ട് മൂല്യനിർണയ നടപടികൾ പൂർത്തീകരിക്കും. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിർണയവും നടത്തുക. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കോളജുകൾക്ക് നിർദേശം നൽകും.
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും (Updated on 21-05-2020 at 16.28)
സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടിജലീലിന്റെ അധ്യക്ഷതയിൽ വൈസ് ചാൻസലർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
Story highlights-m g university exams starts on may 3rd week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here