‘കൊവിഡ്-19ന്റെ പൊട്ടിപ്പുറപ്പെടൽ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്’; മുഖ്യമന്ത്രി

കൊവിഡ്-19ന്റെ പൊട്ടിപ്പുറപ്പെടൽ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ സമ്പദ് വ്യവസ്ഥ സാരമായ വളർച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് കൊവിഡ് 19 ന്റെ തുടക്കം. 8-9 ശതമാനം വളർച്ചയുണ്ടായിരുന്ന സമ്പദ്ഘടനയുടെ വളർച്ച 5 ശതമാനത്തിൽ താഴെ എത്തിനിൽക്കുമ്പോഴാണ് ഈ മഹാമാരി പ്രത്യക്ഷപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ ദേശീയ സാഹചര്യത്തിലാണ് കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യവികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശ്രദ്ധേയമാക്കിക്കൊണ്ട് സാമ്പത്തിക വളർച്ച 7.5 ശതമാനത്തിൽ നിലനിർത്തിയത്. രണ്ട് പ്രകൃതി ദുരന്തങ്ങൾക്കിടയിലാണ് ഈ വളർച്ച കൈവരിച്ചത് എന്നത് മറന്നുകൂടാ. സംസ്ഥാനത്തിന്റെ പൊതു ധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യക്ഷേമ ചെലവുകളിൽ നിന്നും സർക്കാർ ഒട്ടും പിന്നോട്ടുപോയിട്ടില്ല. എന്നാൽ, കൊവിഡ്-19 സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഉപഭോക്തൃ സംസ്ഥാനമായുള്ള കേരളം നിർമാണമേഖലയിലും ടൂറിസം മേഖലയിലും നേടിയ വളർച്ച പ്രവാസികൾ അയയ്ക്കുന്ന പണത്തിന്റ പിൻബലത്തോടുകൂടിയുള്ള വാങ്ങൽ ശേഷിയാണ്. ഇതിന് ഗണ്യമായ ഇടിവു വന്നയായും സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ലോക്ക്ഡൗണാണ് ഇതിന്റെ ഒരു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല, ചെലവുകളുടെ കാര്യത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയിൽ സർക്കാരിന് പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ചെലവുകൾ ഒഴിവാക്കാനാവുന്നതല്ല. മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവനകൾ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ചെലവുകളുടെ ഭാഗമായി കൂട്ടാൻ കഴിയണം എന്ന നമ്മുടെ ആവശ്യവും നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം കനത്ത വെല്ലുവിളികളാണ് നാം നേരിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ്-19 ബാധയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കിയിട്ടില്ല. അതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top